
എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് എന്ന് പറഞ്ഞ് സ്പോൺസർഷിപ്പുമായി ബന്ധമില്ലാത്തൊരു വ്യകതി വിളിച്ച് തന്നെ ഭീഷണി പെടുത്തിയെന്ന് നടി അൻസിബ ഹസ്സൻ. ഫോണിലൂടെയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും അൻസിബ കൂട്ടിച്ചേർത്തു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിൽ മൊഴി കൊടുക്കാൻ പോകവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
സംഘടനയുടെ ടൈറ്റിൽ സ്പോൺസർമാരുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി (ഇസി) വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെന്ന് അൻസിബ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ സംഘടനയുടെ പ്രസിഡന്റ് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിനെതിരെ താൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് നടി വ്യക്തമാക്കി.
32 വർഷത്തെ ചരിത്രമുള്ള ‘അമ്മ’ തികച്ചും മതേതരമായ ഒരു സംഘടനയാണെന്നും, അവിടെ ക്ഷേത്രമോ പള്ളികളോ രാഷ്ട്രീയ പാർട്ടികളോ സ്പോൺസർമാരായി വരേണ്ടതില്ലെന്നുമാണ് താൻ നിലപാടെടുത്തത്. സംഘടനയ്ക്ക് സ്പോൺസർമാരെ ലഭിക്കാൻ നിലവിൽ ബുദ്ധിമുട്ടുകളൊന്നുമില്ല. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ഒന്നോ രണ്ടോ പേർ ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് പൂർണ്ണമായി എതിർത്തത് താൻ മാത്രമായിരുന്നുവെന്ന് അൻസിബ കൂട്ടിച്ചേർത്തു. ഇതേക്കുറിച്ച് പിന്നീട് ഇമെയിൽ വഴിയും വാട്സാപ്പ് വഴിയും ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചിരുന്നു.
എന്നാൽ, കമ്മിറ്റിയിലെ ചർച്ചകൾ നടന്ന് തൊട്ടടുത്ത ദിവസം തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത ഒരു മുതിർന്ന നടി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് അൻസിബയുടെ പ്രധാന ആരോപണം.
‘നീ എന്തിനാണ് മോളേ അമ്പലത്തിനൊക്കെ എതിര് നിൽക്കുന്നത്’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഭീഷണി. ഇത്തരം സിനിമാറ്റിക് ഡയലോഗുകൾ കേട്ട് താൻ ഞെട്ടിപ്പോയെന്നും, തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കരുതെന്ന് അവരോട് ശക്തമായി മറുപടി നൽകിയതായും നടി പറഞ്ഞു.
ഇസി ഗ്രൂപ്പിലെ അതീവ രഹസ്യമായ ചർച്ചകൾ എങ്ങനെയാണ് പുറത്തുള്ള ഒരു വ്യക്തി അറിഞ്ഞതെന്ന ചോദ്യം താൻ പിന്നീട് ഗ്രൂപ്പിൽ ഉന്നയിച്ചെങ്കിലും ആരും അതിന് മറുപടി നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് തന്നെ ലക്ഷ്യമിട്ട് വലിയ രീതിയിലുള്ള വർഗീയവൽക്കരണ ശ്രമങ്ങൾ നടന്നതെന്നും താരം വെളിപ്പെടുത്തി. ഇതിന്റെ തുടർച്ചയായാണ് തനിക്കെതിരെ ‘ജിഹാദി’ വിളി അടക്കമുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായതെന്നും താരം ഓർമ്മിപ്പിച്ചു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ സംവിധായകൻ രാജീവ് കുടപ്പനക്കുന്നും അദ്ദേഹത്തിന്റെ മകനും പരസ്യമായി രംഗത്തുവന്നത് മാത്രമാണ് തനിക്ക് ആശ്വാസമായതെന്ന് അൻസിബ പറഞ്ഞു. മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ സ്വന്തം ഇഷ്ടപ്രകാരം നോമ്പെടുത്തതിനെ വളച്ചൊടിച്ചാണ് തനിക്കെതിരെ പ്രചരിപ്പിച്ചത്.
എല്ലാ മതസ്ഥരും പരസ്പരം ആചാരങ്ങളെ ബഹുമാനിക്കുന്ന, ശബരിമലയിൽ വരെ അഹിന്ദുക്കൾ പോകുന്ന തികച്ചും മതേതരമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അങ്ങനെയുള്ള ഒരു നാട്ടിൽ ഒരു നോമ്പിന്റെ പേരിൽ ഇത്രയും ക്രൂരമായ രീതിയിൽ വേട്ടയാടാൻ പാടുണ്ടോയെന്നും അൻസിബ ചോദിക്കുന്നു. അവർ അന്ന് സത്യം തുറന്നു പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ഇന്ന് രക്ഷപ്പെട്ടു നിൽക്കുന്നതെന്നും, ഇല്ലെങ്കിൽ തന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നുവെന്നും അൻസിബ മാധ്യമങ്ങളോട് വികാരാധീനയായി പറഞ്ഞു.