
അർജുൻ സർജ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം “ബ്ലാസ്റ്റ്” ന്റെ ലീക്കായ വീഡിയോ പങ്കുവെച്ച് വിവാദത്തിലായി ഗായിക ചിന്മയി.നടി പ്രീതി മുകുന്ദൻ അഭിനയിച്ച 54 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഫൈറ്റ് സീനാണ് ചിന്മയി എക്‌സ് പ്ലാറ്റ്ഫോമിൽ റീപോസ്റ്റ് ചെയ്‌തത്. ടാക്സിയിൽ വെച്ച് തന്നെ ശല്യം ചെയ്യാൻ ശ്രമിച്ചയാളെ പ്രീതിയുടെ കഥാപാത്രം തിരിച്ചടിക്കുന്നതാണ് വീഡിയോയിലുള്ളത്. “വാട്ടേ വൗ” (whattay wow) എന്ന അടിക്കുറിപ്പോടെയാണ് ചിന്മയി സിനിമയിലെ ഈ ദൃശ്യം തന്റെ പ്രൊഫൈലിലൂടെ വീണ്ടും പങ്കുവെച്ചത്.
പിന്നാലെ സിനിമ തിയേറ്ററിൽ റിലീസ് ചെയ്‌തതിന് തൊട്ടുപിന്നാലെ അവിടുത്തെ രംഗങ്ങൾ പങ്കുവെച്ചത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ചിന്മയിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തിയേറ്ററിൽ നിന്ന് ക്യാമറ ഉപയോഗിച്ച് നിയമവിരുദ്ധമായി ചിത്രീകരിച്ച പൈറേറ്റഡ് ദൃശ്യങ്ങളാണ് ചിന്മയി പങ്കുവെച്ചത് എന്നതാണ് പ്രധാന ആരോപണം. സിനിമ റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അനാചാരമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ചിലർ തമിഴ്‌നാട് പോലീസിനെയും ചിത്രത്തിന്റെ നിർമാണ കമ്പനിയായ എജിഎസ് എൻറർടൈൻമെന്റ്റിനെയും ടാഗ് ചെയ്ത് ചിന്മയിക്കെതിരെ നടപടി ആവശ്യപ്പെടുകയും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
സിനിമാ വ്യവസായത്തെ തകർക്കുന്ന പൈറസിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ട ഒരു കലാകാരി ഇത്തരത്തിൽ പൈറേറ്റഡ് ക്ലിപ്പുകൾ ഷെയർ ചെയ്‌തത് ശരിയായില്ലെന്നാണ് പൊതുവെയുള്ള വിമർശനം. ചിന്മയി ഇതിന് മുമ്പ് ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന സിനിമയിൽ തൃഷയ്ക്ക് വേണ്ടി ശബ്‌ദം നൽകിയിരുന്നു. ആ ചിത്രം ലോകമെമ്പാടും 300 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി മുന്നേറുന്നതിനിടയിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
അർജുൻ സർജ, അഭിരാമി, പ്രീതി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മാർഷ്യൽ ആർട്‌സ് ആക്ഷൻ ചിത്രമാണ് ‘ബ്ലാസ്റ്റ്’. സുഭാഷ് കെ. രാജിൻ്റെ ആദ്യ സംവിധാന സംരംഭമാണിത്. ഒരു കരാട്ടെ പരിശീലകനായ രാജാരാമൻ്റെയും (അർജുൻ) കുടുംബത്തിൻ്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ഭീഷണികൾ എത്തുന്നതും അവർ അത് നേരിടുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. മെയ് 28-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.