“നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ പ്രതികരിച്ചത്”; ആസിഫ് അലി

','

' ); } ?>

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിലുണ്ടായ ആഭ്യന്തര തർക്കങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ അതിനകത്തുതന്നെ തീർക്കണമെന്നും, നിവൃത്തികേടുകൊണ്ടായിരിക്കാം നടി അൻസിബ ഹസ്സൻ പുറത്തുവന്ന് പ്രതികരിച്ചതെന്നും ആസിഫ് അലി പറഞ്ഞു. എല്ലാ സംഘടനകളിലും പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും എന്നാൽ അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളിലൂടെയാണ് നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഇരുഭാഗവും കേട്ടതിനുശേഷം മാത്രമേ കൃത്യമായ ഒരു അഭിപ്രായം പറയാൻ കഴിയൂ എന്നും ആസിഫ് അലി വ്യക്തമാക്കി. അൻസിബയ്ക്ക് നേരെ ജിഹാദി വിളി അടക്കമുള്ള അധിക്ഷേപങ്ങൾ ഉണ്ടായെന്ന പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നും ഇത്തരം വിഷയങ്ങൾ വിവേകത്തോടെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മറ്റൊരു സംഘടനയും കാട്ടാത്ത ധൈര്യം കാട്ടിയാണ് ‘അമ്മ’ സ്ത്രീകളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നും, പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും താരം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 21-നായിരുന്നു വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അൻസിബ ഹസ്സൻ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്. എന്നാൽ, നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണ് തന്റെ രാജിക്ക് പിന്നിലെന്ന് അൻസിബ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ക്രൂരമായ അപവാദപ്രചാരണം നടത്തിയ ടിനി ടോം, ഡ്രൈവറെയും പ്രൊഡക്ഷൻ കൺട്രോളറുടെ മകനെയും മതംമാറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ച് ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ ടിനി ടോം പൂർണ്ണമായും നിഷേധിച്ചു. അൻസിബയുടെ ആരോപണങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അറിയില്ലെന്നും, സംഘടനയ്ക്കുള്ളിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഈ വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെ എന്നുമാണ് ടിനി ടോമിന്റെ നിലപാട്.