
ആഗോളതലത്തിൽ 200 കോടി കളക്ഷൻ സ്വന്തമാക്കി മോഹൻലാൽ ചിത്രം ദൃശ്യം 3. തിയേറ്ററുകളിലെത്തി ഏഴുദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേട്ടം കൈവരിച്ചതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കൊണ്ട് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
“മൂന്ന് സിനിമകൾ. മൂന്ന് അധ്യായങ്ങൾ. അഭേദ്യമായ ഒരു ബന്ധം. ജോർജ്ജ്കുട്ടിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നതിന് നന്ദി.” മോഹൻലാൽ കുറിച്ചു.
മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്‌ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടും 3000 സ്ക്രീനുകളിലുമാണ് ‘ദൃശ്യം 3’ റിലീസിനെത്തിയത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തി.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്‌തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.