“മറ്റുള്ളവര്‍ക്ക് അയാൾ ഭാര്യയെ ക്രൂരമായി കൊന്ന പ്രതിയാണ്, എനിക്കങ്ങനെയല്ല”; ശാന്തി മായാദേവി

','

' ); } ?>

സിനിമയിലെ ജോര്‍ജുകുട്ടിയെപ്പോലെ യഥാര്‍ത്ഥ ജീവിതത്തിലും സങ്കീര്‍ണമായ പശ്ചാത്തലങ്ങളുള്ള മനുഷ്യരെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് നടിയും അഭിഭാഷകയുമായ ശാന്തി മായാദേവി. ‘ദൃശ്യം 2’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലായി ശ്രദ്ധേയയായ ശാന്തി മായാദേവി, ജീവിതത്തിലും ഒരു അഭിഭാഷകയാണ്. റേഡിയോ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കോടതിമുറിയിലെയും ജീവിതത്തിലെയും തന്റെ വേറിട്ട അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.

ജോര്‍ജുകുട്ടിയേക്കാള്‍ ബുദ്ധിയുള്ള പ്രതികളെ താന്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടെന്ന് ശാന്തി മായാദേവി പറയുന്നു. ഭാര്യയെ 21 വെട്ടി കൊലപ്പെടുത്തിയ ഒരു പ്രതിയുടെ അനുഭവം താരം അഭിമുഖത്തില്‍ എടുത്തുപറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ആ പ്രതിക്ക് പിന്നീട് അപ്പീല്‍ വഴിയാണ് ശിക്ഷ ജീവപര്യന്തമായി കുറച്ചുകിട്ടിയത്. നിലവില്‍ നല്ല നടപ്പിന്റെ പേരില്‍ ഓപ്പണ്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം, പരോളിലിറങ്ങുന്ന സമയത്തെല്ലാം തന്നെ കാണാന്‍ വരാറുണ്ടെന്ന് ശാന്തി വെളിപ്പെടുത്തി. ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനായിരം രൂപയുമായാണ് അദ്ദേഹം ഓഫീസിലെത്തുക. മറ്റാരുമില്ലാത്തതിനാല്‍ ഈ തുക വാങ്ങണമെന്ന് അദ്ദേഹം ശാഠ്യം പിടിക്കാറുണ്ട്. അദ്ദേഹത്തിന്റെ സന്തോഷത്തിനായി ആ തുകയില്‍ നിന്ന് ആയിരം രൂപ മാത്രം കൈപ്പറ്റി ബാക്കി തുക താന്‍ തിരികെ നല്‍കാറുണ്ടെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

ഓഫീസിലുള്ള മറ്റുള്ളവര്‍ക്ക് അദ്ദേഹം ഭാര്യയെ ക്രൂരമായി കൊന്ന പ്രതിയാണെങ്കിലും തനിക്ക് അങ്ങനെയല്ലെന്ന് ശാന്തി മായാദേവി വ്യക്തമാക്കുന്നു. ഒരു വക്കീല്‍ എന്ന നിലയില്‍ കേസുകളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് ശാന്തിയുടെ പക്ഷം. ക്രൂരമായ കുറ്റകൃത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനെന്ന നിലയില്‍ വിഷമം തോന്നാമെങ്കിലും, മുന്‍വിധിയോടെ നോക്കിയാല്‍ കേസ് പഠിക്കാനോ വായിക്കാനോ സാധിക്കില്ല. കൊലപാതകത്തിന് പിന്നിലുണ്ടായ സാഹചര്യം എന്താണെന്ന് അഭിഭാഷകര്‍ക്കാണ് കൃത്യമായി അറിയാവുന്നത്. അതുകൊണ്ട് തന്നെ കുറ്റകൃത്യത്തെ ന്യായീകരിക്കുകയല്ലെന്നും, സാഹചര്യങ്ങളെയും വ്യക്തികളെയും ആ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാനെന്നും ശാന്തി മായാദേവി വിശദീകരിച്ചു.