‘ധുരന്ധർ’ പ്രൊഡക്ഷൻ ഡിസൈനർക്കെതിരെ ലൈംഗിക പീഡന പരാതി; കേസെടുത്ത് ചണ്ഡീഗഡ് പോലീസ്

','

' ); } ?>

‘ധുരന്ധർ’ എന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് ചണ്ഡീഗഡ് പോലീസ്. ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സിനിമയിലെ അസിസ്റ്റന്റ് ആർട്ട് ഡയറക്‌ടറായ യുവതിയുടെ പരാതിയിലാണ് സെക്‌ടർ-17 പോലീസ് നടപടിയെടുത്തത്. ലൈംഗിക പീഡനം കൂടാതെ, യുവതിയെ അന്യായമായി തടഞ്ഞുവെച്ചതായും മദ്യത്തിൽ ലഹരിവസ്‌തുക്കൾ കലർത്തി നൽകിയതായും പരാതിയിൽ ആരോപിക്കുന്നു.

ഡൽഹി സ്വദേശിയായ യുവതി 2025 സെപ്റ്റംബറിലാണ് ഈ സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്‌ടറായി ജോലിയിൽ പ്രവേശിച്ചത്. കോളേജ് അധ്യാപകൻ വഴി സിനിമയുടെ അണിയറപ്രവർത്തകർക്ക് ബയോഡാറ്റ നൽകിയതിനെ തുടർന്നാണ് യുവതിക്ക് നിയമനം ലഭിക്കുന്നത്. താൻ ഡൽഹി കോളേജ് ഓഫ് ആർട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും യുവതിയുടെ മെൻ്ററായി പ്രവർത്തിക്കാമെന്നും പറഞ്ഞ് സൈനി എസ്. ജോറേ യുവതിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

ഔദ്യോഗിക ചർച്ചകൾക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബർ 10-ന് രാത്രിയാണ് ജോറേ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. മറ്റ് അണിയറപ്രവർത്തകർ ആരും തന്നെ അവിടെ എത്തിയിരുന്നില്ലെന്നും, ഇക്കാര്യം പുറത്തറിയിക്കരുതെന്ന് ജോറേ തനിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. രാത്രി എട്ടരയോടെ മുറിയിലെത്തിയ തനിക്ക് ജോറേ മദ്യം കഴിക്കാൻ നൽകിയെന്നും, ഇത് കഴിച്ചതോടെ കഠിനമായ തലകറക്കം അനുഭവപ്പെട്ടുവെന്നും യുവതി വ്യക്തമാക്കുന്നു. തുടർന്ന് മുറിയിൽ നിന്ന് പോകാൻ അനുവദിക്കാതെ ഇയാൾ തന്നെ തടഞ്ഞുവെക്കുകയായിരുന്നു.

നൃത്തം പഠിപ്പിക്കാനെന്ന വ്യാജേന ജോറേ തന്നോട് മോശമായ രീതിയിൽ പെരുമാറുകയും ശരീരത്തിൽ സ്പ‌ർശിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. മുറിയിൽ നിന്ന് പുറത്തുപോകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. മദ്യം കഴിച്ച് അരമണിക്കൂറിനുള്ളിൽ പല തവണ ഛർദിച്ചതായും, ബാത്റൂമിൽ വെച്ചും ഇയാൾ മോശമായി സ്‌പർശിക്കുന്നത് തുടർന്നതായും യുവതി പറയുന്നു. തന്നോടൊപ്പം രാത്രിയിൽ ഹോട്ടൽ മുറിയിൽ നിൽക്കണമെന്ന് നിർബന്ധിച്ചതായും പിറ്റേ ദിവസം രാവിലെയാണ് തനിക്ക് അവിടെ നിന്നും മടങ്ങാൻ സാധിച്ചതെന്നും യുവതി പരാതിയിൽ കൂട്ടിച്ചേർത്തു. ഇതിന് ശേഷം ഇയാൾ തനിക്കെതിരെ വ്യാജ പരാതികൾ നൽകി മാനസികമായി ബുദ്ധിമുട്ടിച്ചതായും യുവതി ആരോപിക്കുന്നുണ്ട്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 74, 79, 123, 126(2) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുംബൈ അന്ധേരി സ്വദേശിയായ ജോറി അടുത്തിടെ ധുരന്ധർ സിനിമയ്ക്കായി പാകിസ്ഥാനിലെ ല്യാരി ടൗണിന്റെ മാതൃക തായ്‌ലൻഡിൽ സെറ്റിട്ട് ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.