
നടൻ ടിനി ടോമിനെതിരെയുള്ള നടി അൻസിബ ഹസന്റെ ആരോപണത്തിന് പിന്നാലെ ടിനി ടോമിനെ പിന്തുണച്ചതിൽ വ്യക്തത വരുത്തി നടി പ്രിയങ്ക. അൻസിബയുടെ രാജിക്ക് പിന്നിൽ ടിനിയാണെന്ന കാര്യം ടിനി പോലും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും, രാജി കത്തിൽ ടിനിക്കെതിരെയുള്ള ആരോപണം അൻസിബ പരാമർശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ അൻസിബയുടെ ആരോപണങ്ങൾ തെളിഞ്ഞാൽ താനും, സംഘടനയും അൻസിബക്കൊപ്പം നിൽക്കുമെന്നും, അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വന്നതിൽ ഇപ്പോൾ തനിക്ക് ലജ്ജ തോന്നുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാനൊരിക്കലും പുരുഷന്മാരുടെ പക്ഷത്തല്ല. നീതിയും ഞ്യായവും ആരുടെ പക്ഷത്താണോ അവർക്കൊപ്പമാണ്. ടിനി ടോമിന്റെ കാര്യത്തിൽ അൻസിബയുടെ രാജിക്ക് പിന്നിൽ ടിനിയാണെന്ന കാര്യം ടിനി പോലും അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ടിനി മാത്രമല്ല മറ്റു അംഗങ്ങളൊക്കെയും അറിയുന്നത് ഇതേ മാധ്യമത്തിലൂടെയാണ്. അൻസിബയുടെ രാജി കത്ത് ഞാൻ കണ്ടതാണ്. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടും, കുടുംബത്തിലെ ചില കാര്യങ്ങൾ കൊണ്ടുമാണ് രാജിവെക്കുന്നതെന്നാണ് അൻസിബ രാജിയിൽ പറയുന്നത്. തന്നെയുമല്ല അൻസിബ പറയുന്നതിൽ തെളിവുകളില്ല. മറ്റൊരാൾ പറഞ്ഞത് കേട്ടു എന്നേയുള്ളു. ഒരു തെളിവുമില്ലാതെ, വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നമ്മളെങ്ങനെയാണ് കുറ്റക്കാരാക്കുക. അൻസിബ തെളിവ് കൊണ്ട് വരട്ടെ, അല്ലെങ്കിൽ അത് തെളിയട്ടെ, ഞങ്ങളെല്ലാവരും അൻസിബയ്ക്കൊപ്പമേ നിൽക്കൂ.” പ്രിയങ്ക പറഞ്ഞു.
“ഒരു മാസം കൂടി കഴിഞ്ഞാൽ അമ്മയുടെ ജനറൽ ബോഡി മീറ്റിങ് ആണ്. ഒരു മാസം കൂടെ അവർക്കൊന്ന് ക്ഷമിക്കാമായിരുന്നില്ലേ. എല്ലാ പരിഹാരവും ഉണ്ടാകുമായിരുന്നു. ഇതൊരു കുടുംബം പോലെ കഴിയേണ്ട ആളുകൾ, കുടുംബത്തിനകത്ത് തീർക്കേണ്ട പ്രശ്നങ്ങൾ മാധ്യമങ്ങളെ അറിയിച്ച്, പരസ്പരം വലിച്ച് കീറി നാണം കെടുകയാണ്. ‘അമ്മ എന്ന സംഘടനയാണ് ഈ നാണം കെടുന്നത്. മമ്മൂട്ടിയും, മോഹൻലാലും പോലുള്ള വലിയ ആളുകളൊക്കെ ഉയർത്തി കൊണ്ട് വന്ന സ്ഥാപനമാണ്. സത്യം പറഞ്ഞാൽ അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വന്നതിൽ എനിക്കിപ്പം ലജ്ജ തോന്നുന്നു.” പ്രിയങ്ക കൂട്ടിച്ചേർത്തു.
അമ്മയിൽ നിന്നും താൻ രാജിവെയ്ക്കാൻ കാരണം ടിനി ടോമാണെന്നാണ് അൻസിബ ആരോപിച്ചത്. തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാൻ ശ്രമം നടത്തിയെന്ന് പറഞ്ഞു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ടിനി ടോമും രംഗത്തെത്തി. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.