
ബാബുരാജ് അമ്മയുടെ സംഘടനയിൽ ഇരുന്നപ്പോൾ നല്ല സ്ഥാപനങ്ങളിൽ നിന്നായിരുന്നു സ്‌പോൺസർഷിപ്പ് കൊണ്ട് വന്നിരുന്നെന്നും, ഇന്നെല്ലാം ഒരു അവിയല് പരുവമാണെന്നും വിമർശിച്ച് നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് പറയാൻ അറിയാവുന്ന സംഘടനയ്ക്ക് അതിലും വലിയ പോക്രിത്തരം കാണിച്ചവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ പറ്റാത്തത് എന്ത് കൊണ്ടാണെന്നും, അമ്പലത്തിൽ മനുഷ്യൻ ഭക്തിപൂർവം കൊണ്ടിടുന്ന കാണിയ്ക്കയുടെ അകത്തു നിന്ന് ആഘോഷിക്കാൻ കൊടുക്കുന്നതിൽ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും മല്ലിക കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
“ശ്വേത ഒരു നല്ല പ്രസിഡന്റാണ്. ശ്വേതയ്ക്ക് പോലും ഒരുപാട് തടസങ്ങളുണ്ട് അവിടെ. ഞാനൊരിക്കൽ വിചാരിച്ചിരുന്നു, ശ്വേത ആളൊരു മിടുക്കിയാണല്ലോ. ശ്വേത എന്താണ് സ്ട്രോങ് ആയി പറയാത്തത് എന്ന്. ഇപ്പോൾ ആരോ പറയുന്നത് കേട്ടു, ശ്വേത ജനറൽ ബോഡിയിൽ എല്ലാം പറയുമെന്ന്. നന്നായിട്ട് പോയാൽ എല്ലാവർക്കും കൊള്ളാം. മോശമാണിതൊക്കെ. സംഘടനയിൽ നല്ല സീനിയർ ആയിട്ടുള്ള ആളുകൾക്ക് പോലും മോശമല്ലേ ഇതൊക്കെ. ഈ സംഭവങ്ങളൊക്കെ പുറത്തറിയുമ്പോൾ. നമ്മൾ അറിയുന്നതിന് മുൻപ് മറ്റുള്ളവർ അറിയുകയാണ്. അതിലാണ് എനിക്ക് സങ്കടം.
ഇത് സ്ട്രിക്റ്റ് ആയിട്ട് നോക്കിയില്ലെങ്കിൽ ശ്വേതയ്ക്കും ചീത്തപ്പേര് അല്ലേ. അത് ശ്വേതയും മനസിലാക്കണം. മോശമായ പ്രവണതകൾ തിരുത്താനാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയുമൊക്കെ നമ്മൾ തെരഞ്ഞെടുക്കുന്നത്. ഇവർ തമ്മിൽ അടിയായാൽ എവിടെ ഭരണം നടക്കും.” മല്ലിക പറഞ്ഞു.
“പൃഥ്വിരാജിനെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് പറയാൻ അറിയാവുന്ന സംഘടനയ്ക്ക് അതിലും വലിയ പോക്രിത്തരം കാണിച്ചവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ പറ്റാത്തത് എന്താ ?. കാലം മാറി. അവരില്ലെങ്കിൽ നമ്മുടെ ജീവിതം പോകുമോ?. കഞ്ഞികുടി മുട്ടുമോ ? എന്നൊക്കെ ചിന്തിച്ചിട്ട് കാര്യമുണ്ടോ ?. പെൻഷൻ കൊടുക്കുന്നവർക്ക് കൊടുക്കാൻ ചെറിയൊരു ഓഫീസ് മതി. അത് കൊടുക്കണം.
അല്ലാതെ ഈ ജനറൽ ബോഡി വിളിച്ച് സ്പോൺസർ ഷിപ്പ് എന്ന് പറഞ്ഞ് മറ്റൊരു ബഹളം, അമ്പലത്തിൽ പോയി. അമ്പലത്തിൽ മനുഷ്യൻ ഭക്തിപൂർവം കൊണ്ടിടുന്ന കാണിയ്ക്കയുടെ അകത്തു നിന്ന് ആഘോഷിക്കാൻ കൊടുക്കുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. അമ്പലം അധികാരികൾ കൊടുത്തു, അത് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അത് നല്ല കാര്യം.
ബാബുരാജ് ഇരുന്നപ്പോൾ എങ്ങനെയായിരുന്നു. എത്രയോ നല്ല നല്ല സ്ഥാപനങ്ങളിൽ നിന്നായിരുന്നു അദ്ദേഹം സ്പോൺസർ ഷിപ്പ് കൊണ്ടുവന്നത്. ഇതെല്ലാം കൂടി അവിയല് പരുവമാണിപ്പോൾ. പ്രസിഡന്റും സെക്രട്ടറിയും തന്നെയാണത് ശ്രദ്ധിക്കേണ്ടത്.
കുക്കു ചലച്ചിത്ര ഫെസ്റ്റ് കാണുന്നതു പോലെ ഇതിനെ കാണരുത്. അതല്ല സംഘടന എന്ന് പറയുന്നത്. ഇതിനെ വളരെ ഗൗരവപരമായി കാണണം. പ്രത്യേകിച്ച് പ്രസിഡന്റും സെക്രട്ടറിയും”.- മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.