ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതി; പദ്‌മവിഭൂഷൺ ഏറ്റുവാങ്ങി ഭാര്യ ഹേമ മാലിനി

','

' ); } ?>

അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്‌മവിഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി എംപിയുമായ പ്രശസ്ത നടി ഹേമ മാലിനി പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ പ്രശസ്ത വയലിൻ കലാകാരി ഡോ. എൻ. രാജവും രാഷ്ട്രപതിയിൽ നിന്ന് പദ്‌മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ഇവർക്ക് പുറമെ, അന്തരിച്ച പരസ്യലോകത്തെ കുലപതി പിയൂഷ് പാണ്ഡെയ്ക്കുള്ള പദ്‌മഭൂഷൺ പുരസ്കാരം അദ്ദേഹത്തിന്റെ ഭാര്യ നീത ജോഷി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നടൻ മമ്മൂട്ടിയും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടെ 13 പേർക്കാണ് പദ്‌മഭൂഷൺ. 113 പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടു.

ബുധനാഴ്ച നടന്ന ചടങ്ങിൽ രണ്ട് പദ്‌മവിഭൂഷൺ, ആറ് പദ്‌മഭൂഷൺ, 58 പദ്‌മശ്രീ ഉൾപ്പെടെ 66 പേർക്കാണ് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിച്ചത്. മറ്റ് പുരസ്‌കാര ജേതാക്കൾക്ക് അടുത്ത റൗണ്ടിൽ സമ്മാനിക്കും. 131 പദ്‌മ പുരസ്ക്‌കാരങ്ങളായിരുന്നു റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് പദ്‌മവിഭൂഷൺ പുരസ്‌കാരം. പദ്‌മവിഭൂഷണിന് അർഹരായ അഞ്ചിൽ മൂന്നുപേരും മലയാളികളാണ്.

നടൻ പ്രൊസൻജിത്ത് ചാറ്റർജി ഉൾപ്പെടെ പദ്‌മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവൻ്റെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങളിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ പങ്കെടുത്തു.