അമ്മ സംഘടനയിൽ വൻ സാമ്പത്തിക ക്രമക്കേട്; ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്ന് സൂചന

','

' ); } ?>

താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ രൂപപ്പെട്ട ശക്തമായ ഭിന്നതയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടുകളെന്ന് സൂചന. സംഘടനയുടെ നേതൃത്വത്തിൽ നടന്ന കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതിലും സംഗീത പരിപാടിയിലും കാറ്ററിങ്ങിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് ഒരു വിഭാഗം ഭാരവാഹികൾ ആരോപിക്കുന്നത്.

കുടുംബമേളയുടെ സൗണ്ട് സിസ്റ്റം കരാർ ഏറ്റെടുത്തിരുന്നത് സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗത്തിന്റെ ഭർത്താവായിരുന്നുവെന്നാണ് വിവരം. ഇയാൾ കൺസൾട്ടേഷൻ ഫീസായി പോലും വൻ തുക കൈപ്പറ്റിയതിനെതിരെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ തവണ കാറ്ററിങ് ചെയ്തവരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകിയതു വഴി അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം നാല് ലക്ഷം രൂപയ്ക്ക് നടത്തിയ സംഗീത പരിപാടിയുടെ ചിലവ് ഇത്തവണ 11 ലക്ഷം രൂപയായി ഉയർത്തിക്കാട്ടിയാണ് മറ്റൊരു തട്ടിപ്പ് നടത്തിയത്. ഈ സാമ്പത്തിക ഇടപാടുകളിലെല്ലാം പ്രസ്തുത എക്സിക്യൂട്ടീവ് അംഗത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

ഇതിനുപുറമേ, കേന്ദ്ര സർക്കാരിന്റെ യുവ വോട്ടർ ക്യാമ്പയിനുമായി ബന്ധപ്പെട്ടും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഘടനയിലെ ഒന്നോ രണ്ടോ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് പെട്ടെന്നുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് കമ്പനി വഴിയാണ് ഈ ക്യാമ്പയിൻ ഏറ്റെടുത്തതെന്നും, ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫണ്ട് പോലും ഇവർ തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. ഈ സാമ്പത്തിക വിവാദങ്ങളെത്തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞ് കടുത്ത ഭിന്നതയിലാണ്.

അതേസമയം, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ നിയമപോരാട്ടങ്ങളിലേക്കും നീങ്ങുകയാണ്. നടൻ ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാൻ നടി അൻസിബ ഹസൻ തീരുമാനിച്ചതായാണ് വിവരം. ടിനി ടോമിനെതിരെയുള്ള പരാതി നിയമപരമായി നിലനിൽക്കുമെന്ന് അൻസിബയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി നടി നീനാ കുറുപ്പ് അടക്കമുള്ള സഹപ്രവർത്തകരെ സാക്ഷികളാക്കാനാണ് അൻസിബയുടെ നീക്കം. സാമ്പത്തിക അഴിമതി ആരോപണങ്ങൾക്കൊപ്പം ഈ നിയമവിവാദവും കൂടിയായതോടെ ‘അമ്മ’ സംഘടനയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.