
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച സ്പോൺസർഷിപ്പ് കരാറിന്റെ വിവരങ്ങൾ പുറത്ത്. സംഘടനയുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ് ഏറ്റെടുത്തത്. ക്ഷേത്രം പ്രസിഡൻ്റ് ടി.ജി. നന്ദകുമാറും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. മതേതരമൂല്യം ഉയർത്തിപ്പിടിക്കേണ്ട താരസംഘടന ഒരു മതസ്ഥാപനത്തിൽ നിന്നും പണം കൈപ്പറ്റുന്നത് ശരിയല്ലെന്ന നിലപാടാണ് ജോയിൻ്റ് സെക്രട്ടറിയായ നടി അൻസിബ ഹസൻ സ്വീകരിച്ചത്. ഈ കരാറിനെതിരെ അൻസിബ ശക്തമായി രംഗത്തുവന്നതോടെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായി.
കരാറുമായി ബന്ധപ്പെട്ട് സംഘടനയിലെ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് വരെ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ക്ഷേത്രം താരസംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എതിർത്ത അൻസിബ, മതസ്ഥാപനങ്ങളിൽനിന്ന് പണം വാങ്ങരുതെന്ന നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ ഈ വാദങ്ങളെല്ലാം പ്രസിഡൻ്റ് ശ്വേതാ മേനോൻ തള്ളിക്കളയുകയായിരുന്നു. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ എന്നതിനാൽ ആരിൽനിന്നും സംഭാവനയോ സ്പോൺസർഷിപ്പോ സ്വീകരിക്കുന്നതിന് യാതൊരുവിധ നിയമതടസങ്ങളുമില്ലെന്ന് ശ്വേതാ മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു അമ്മയുടെ കുടുംബസംഗമം അരങ്ങേറിയത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ടൈറ്റിൽ സ്പോൺസറായ ഈ പരിപാടിയുടെ കരാർ പ്രകാരം 75 ലക്ഷം രൂപയാണ് സംഘടനയ്ക്ക് ലഭിക്കേണ്ടത്. ഇതിൽ ആദ്യഗഡുവായ 30 ലക്ഷം രൂപ ക്ഷേത്രഭാരവാഹികൾ കൈമാറിക്കഴിഞ്ഞു. ഇനി 45 ലക്ഷം രൂപകൂടിയാണ് അമ്മയ്ക്ക് ലഭിക്കാനുള്ളത്.
അതേസമയം, കരാർ തുക പൂർണ്ണമായി കൈമാറുന്നതിന് മുൻപ് തന്നെ ക്ഷേത്രഭാരവാഹികൾ താരസംഘടനയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കുടുംബസംഗമ വേദിയിൽ തങ്ങളുടെ പരസ്യം വിചാരിച്ച രീതിയിൽ പ്രദർശിപ്പിച്ചില്ലെന്നാണ് പ്രസിഡൻ്റ് ടി.ജി. നന്ദകുമാർ ഉൾപ്പെടെയുള്ള ക്ഷേത്രം ഭാരവാഹികളുടെ ആക്ഷേപം. ഈ പരാതിയിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എങ്കിലും കരാർ പ്രകാരം നൽകാനുള്ള ബാക്കി തുക സംഘടനയ്ക്ക് നൽകുമെന്നാണ് ടി.ജി. നന്ദകുമാർ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ നടക്കാനിരിക്കെയാണ് ഇപ്പോൾ വിവാദ കരാറിന്റെ വിവരങ്ങൾ പൂർണ്ണമായി പുറത്തുവന്നിരിക്കുന്നത്.