“ഒരു മറയുമില്ലാതെ ജനങ്ങളോടും മാധ്യമങ്ങളോടും ആശയവിനിമയം നടത്താനാണ് ശ്രമിച്ചത്, അതും അവർ ട്രോളുകളാക്കി”; അഞ്ജലി നായർ

','

' ); } ?>

തിരഞ്ഞെടുപ്പ് കാലത്ത് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ചും, സൈബർ ആക്രമണങ്ങളെ കുറിച്ചും മനസ്സ് തുറന്ന് നടി അഞ്ജലി നായർ. ഒരു മറയുമില്ലാതെ ജനങ്ങളോടും മാധ്യമങ്ങളോടും ആശയവിനിമയം നടത്താനാണ് ശ്രമിച്ചതെന്നും, പക്ഷേ അതു ട്രോൾ ആയി മാറുകയായിരുന്നുവെന്നും അഞ്ജലി പറഞ്ഞു. കൂടാതെ അതെല്ലാം ട്രോൾ ആയി കാണുമ്പോൾ ഇവരുടെയൊക്കെ കാഴ്‌ചപ്പാട് എന്താ ഇങ്ങനെയെന്നു തോന്നിയിട്ടുണ്ടെന്നും, വർഗീയതയോ മതമോ ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിൽ കൂടി പരിഹാസം മാത്രമാണ് നേരിട്ടതെന്നും അഞ്ജലി കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

“വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് പ്രചാരണത്തിനു കിട്ടിയത്. അതും തൃപ്പൂണിത്തുറ പോലൊരു വലിയ മണ്ഡലത്തിൽ. ബിജെപി പ്രവർത്തകർ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഭർത്താവ് അജിത്തും എപ്പോഴും കൂടെയുണ്ടായിരുന്നു. ഒരിടത്ത് എത്തിയപ്പോൾ പത്തു വീടുകളിൽ കയറാൻ സാധിച്ചില്ല. അപ്പോഴേക്കും അടുത്ത സ്‌ഥലത്തേക്ക് പോകേണ്ടതായി വന്നു. എങ്കിലും അവിടെ കൂടെ വോട്ട് ചോദിക്കാമെന്നു കരുതിയാണ് ഓരോ വീട്ടിലേക്കു ഓടി കയറിയതും വഴിയിൽ കണ്ട ഒരമ്മയോട് ഓട്ടത്തിനിടെ വോട്ട് ചോദിച്ചതും. ബഹുമാനമില്ലാതെ പ്രായമായ സ്ത്രീയോട് വോട്ട് ചോദിച്ചു എന്ന പഴി വരെ അതിനു കേൾക്കേണ്ടി വന്നു. വിഡിയോകൾ തുടർച്ചയില്ലാതെ കട്ട് ചെയ്‌തിടുന്നതിൻ്റെ പ്രശ്‌നങ്ങളാണ് ഇതെല്ലാം.

ഒരു ഗ്രൗണ്ടിലെ കുറച്ചു ചെറുപ്പക്കാരോടു വോട്ട് ചോദിച്ചിരുന്നു. കുറെ നേരം അവരുമായി സംസാരിച്ചു. അതിലെ ഒരു ഭാഗത്താണ് ഒരു ചെറുപ്പക്കാരൻ ദൃശ്യത്തിൽ ലാലേട്ടനെ തേച്ച പൊലീസ് അല്ലേ ഞാൻ വോട്ട് ചെയ്യില്ലന്നൊക്കെ പറയുന്നത്. നല്ല രസമുള്ള സംഭാഷണമായിരുന്നു അത്. എന്നിട്ടും അതിലെ ചെറിയ ഭാഗമെടുത്ത് ട്രോൾ ഉണ്ടാക്കി. അഭിനയിച്ച സിനിമകളുടെ എണ്ണം പറഞ്ഞാണ് വോട്ട് ചോദിക്കുന്നതെന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വന്നു. പ്രചാരണ വിഡിയോകൾ കണ്ട് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കാം ആളുകൾ വിളിച്ചു. ഇപ്പോൾ കേരളത്തിനു പുറത്തു പോയാലും പെട്ടെന്നു തിരിച്ചറിയുന്നുണ്ട് എല്ലാവരും” അഞ്ജലി പറഞ്ഞു.

“പ്രചാരണത്തിനിടെ എനിക്കു രണ്ടു പെൺകുട്ടികളാണ്, അവരുടെ ഭാവി നല്ലതാകണം എന്നെല്ലാം പറഞ്ഞത് വിവാദമായിരുന്നു. ഒരിക്കലും മക്കളുടെ കാര്യം പറഞ്ഞു വോട്ട് നേടാൻ ആഗ്രഹിച്ചിട്ടില്ല. നാട് നന്നായാലേ മക്കൾക്ക്, അത് എല്ലാ മക്കൾക്കും നല്ല ഭാവിയുള്ളൂ എന്നാണ് ഉദ്ദേശിച്ചത്. തിരഞ്ഞെടുപ്പിൽ മുപ്പത്തിനായിരത്തിനോട് അടുത്ത് വോട്ട് നേടാൻ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ബഹളങ്ങൾക്കു ശേഷം സ്വസ്ഥമായി വീട്ടിലിരിക്കുകയല്ല ഇപ്പോൾ. തോറ്റെങ്കിലും മണ്ഡലത്തിൽ സജീവമാണ്. ആളുകളെ കാണുന്നുണ്ട്, അവരുടെ പ്രശ്ന‌ങ്ങളും കേൾക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ തുടരാൻ തന്നെയാണ് തീരുമാനം. ഒപ്പം പുതിയ സിനിമകൾക്കായുള്ള ചർച്ചകളും തുടരുന്നു.” അഞ്ജലി കൂട്ടിച്ചേർത്തു.