മാധവ് സുരേഷ് ചിത്രത്തിനെതിരെയുള്ള ഡിഗ്രേഡിങ്: പ്രതികരണവുമായി സംവിധായകൻ സുജിത് എസ്. നായർ

','

' ); } ?>

മാധവ് സുരേഷ് നായകനായി എത്തിയ ‘അങ്കം അട്ടഹാസം’ എന്ന സിനിമയ്ക്കെതിരെ പണം വാങ്ങി ബോധപൂർവം മോശം റിവ്യൂകൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ സുജിത് എസ്. നായർ. സിനിമയെ മനഃപൂർവം മോശമായി ചിത്രീകരിക്കുന്നതിന് പുറമെ, ചിത്രത്തിൻ്റെ മുഴുവൻ കഥയും പരസ്യമായി വിളിച്ചുപറയുന്ന പ്രവണതയാണ് ചില യൂട്യൂബ് റിവ്യൂവർമാർ ചെയ്യുന്നതെന്ന് സുജിത് ആരോപിച്ചു.

ഒരു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്ത് വെറും മൂന്ന് മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ അതിൻ്റെ കഥ മുഴുവൻ വിളിച്ച് പറയാൻ ഇത്തരക്കാർക്ക് ആരാണ് അവകാശം നൽകിയതെന്ന് സംവിധായകൻ ചോദ്യം ഉന്നയിച്ചു. കഠിനാധ്വാനത്തിലൂടെ നിർമിക്കുന്ന ഒരു സിനിമയെ റിലീസ് ദിവസം തന്നെ ഇത്തരത്തിൽ തരംതാഴ്ത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. സിനിമയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നെഗറ്റീവ് റിവ്യൂകൾക്കെതിരെ ഇൻഡസ്ട്രിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

സുജിത് പങ്കുവച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ:

പോലെ സ്വയം “ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് അത്യന്തം വേദനയോടെയാണ്. ഞാൻ സംവിധാനം ചെയ്ത അങ്കം അട്ടഹാസം എന്ന സിനിമയെ പ്രഖ്യാപിത റിവ്യൂവർമാരിൽ പലരും ഒടുങ്ങാത്ത പകയോടെ, കടുത്ത മുൻ വൈരാഗ്യത്തോടെന്ന പോലെ മേയ് 8 ന് സിനിമ റിലീസ് ചെയ്ത ദിവസം തന്നെ കൊന്നു കൊലവിളിച്ചു. ഞങ്ങളുടെ പണം, ഞങ്ങളുടെ അത്യദ്ധ്വാനം എന്ന പതിവ് ന്യായങ്ങളൊന്നും പറയുന്നില്ല. സിനിമ ടിക്കറ്റെടുത്ത് കാണുന്ന ആർക്കും അവരവരുടെ അഭിപ്രായങ്ങൾ സഭ്യമായി, സത്യസന്ധമായി രേഖപ്പെടുത്താം.

പക്ഷേ സഭ്യതയുടെ, മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ടുള്ള വ്യക്തിപരമായ അധിക്ഷേപം, ആക്രമണം എന്തിനായിരുന്നു? നിങ്ങളുടെ അജണ്ട കാരണമല്ലേ റിലീസ് ചെയ്‌ത്‌ ആറാം നാൾ ഞങ്ങൾക്ക് എല്ലാ തിയറ്ററുകളിൽ നിന്നും ഞങ്ങളുടെ സിനിമ പിൻവലിക്കേണ്ടി വന്നത്? കോടികൾ മുടക്കിയ, ഇരുന്നൂറോളം പേരുടെ അദ്ധ്വാനത്തിന് പുല്ലു വില കൽപിച്ച് യൂ ട്യൂബ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മോണിട്ടൈസേഷൻ കൂടാതെ പോസിറ്റീവ് പറയാനും കാശ് വേണമെന്ന അത്യാർത്തി തുറന്ന് കാട്ടിയപ്പോൾ …. നൊന്തോ? ഞങ്ങളുടെ നോവിനേക്കാൾ വലിയ നോവല്ലെടാ അത്.

നീ ഒരു അധ്യാപകനായിരുന്നു അല്ലേ? ഇന്നലെ രാത്രി ഏതോ ലഹരിയുടെ ഉന്മാദത്തിൽ ഉറഞ്ഞ് തുള്ളിയ നിൻ്റെ വൃത്തികെട്ട വായിൽ നിന്ന് വീണ അതിനേക്കാൾ വൃത്തികെട്ട വാക്കുകൾ കേട്ടവരൊക്കെ നീ പഠിപ്പിച്ച ആ പാവം വിദ്യാർഥികളെയോർത്ത് നൊന്തതിനേക്കാൾ വലിയ നോവാണോടാ പാവപ്പെട്ട കലാകാരന്മാരുടെ അന്നത്തിൽ മണ്ണ് വാരിയിട്ട് അന്നം കണ്ടെത്തുന്ന കാട്ടാളനായ നിൻ്റെ നോവ് ? ഒരു സിനിമ റിലീസ് ചെയ്തു 3 മണിക്കൂർ ആകുന്നതിനു മുന്നേ ആ സിനിമയുടെ കഥ പറയാൻ ആരാണ് അവകാശം തന്നത് ? ഇത് എവിടെത്തെ അഭിപ്രായ സ്വാതന്ത്യം ആണ്?

എന്റെ സിനിമ തിയറ്ററിൽ എത്തി മണിക്കൂറിനുള്ളിൽ അതിൻ്റെ കഥ മുഴുവൻ പറഞ്ഞ് നശിപ്പിച്ചിട്ടു നിനക്കൊക്കെ കിട്ടിയത് ഒന്നോ രണ്ടോ ലക്ഷം രൂപയായിരിക്കും. പക്ഷേ ഇതിൻ്റെ പിന്നിൽ കാശ് മുടക്കിയവർ അവരുടെ കുടുംബം ഇനി ഉള്ള അവരുടെ ജീവിതം ഇതൊക്കെ നീയൊക്കെ ചിന്തിക്കാറുണ്ടോ ഇത്രയൊക്കെ ചെയ്‌തിട്ടും വീണ്ടും വീണ്ടും പച്ച തെറിയാണ് നിൻ്റെ വായിൽ നിന്നും വരുന്നത്. നിന്നെ സപ്പോർട്ട് ചെയ്യാനും നിന്നെ പേടിച്ച് നിൽക്കാനും സിനിമാ രംഗത്ത് തന്നെ ചിലരുണ്ടെന്നറിയാം; ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ, നിന്നെപ്പോലെയുള്ളവരടെ സംഘത്തിൽ ചേർക്കാൻ സർവഥാ യോഗ്യരായവർ. ഞങ്ങൾക്കുള്ളത് കുറെ നല്ല മനുഷ്യരുടെ മനസ് കൊണ്ടുള്ള സപ്പോർട്ട് മാത്രം…

എന്റെ ജീവിതം ഉള്ളം കയ്യിൽ വച്ചാണ് ഞാനീ സിനിമയൊരുക്കിയത്. അത്രയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ എനിക്കുമുണ്ട്. ഈ സിനിമയെ നിന്നെപ്പോലെയുള്ളവരുടെ മൃഗീയാക്രമണം തകർത്തതോടെ ഇനി പിടിച്ചു നിൽക്കാൻ പോലും എനിക്ക് പാടാണ്. ഈ വിഷയത്തിൽ ഒരു പക്ഷേ ഇത് എന്റെ അവസാന പോസ്‌റ്റ് ആയിരിക്കാം. ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കൾ ഒന്ന് മാത്രം മനസിലാക്കിയാൽ മതി ഞാൻ വേദനിക്കുന്നത് എന്റെ സിനിമയെ മോശം പറഞ്ഞത് കൊണ്ടല്ല, വർഷങ്ങളായി കഷ്‌ടപ്പെട്ട് ഉണ്ടാക്കിയ സിനിമയുടെ കഥ റിലീസ് ആയി മണിക്കൂറിനുള്ളിൽ സീൻ ബൈ സീൻ പറഞ്ഞ് ഒരു തിയറ്ററിൽ പത്ത് പേരെ പോലും കയറ്റാതെ എന്നെയും എന്റെ നിർമാതാക്കളെയും വിസ്‌മൃതിയിലാക്കിയതിന് എതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ഈ ഒരു സിനിമയോട് കൂടിയെങ്കിലും നിർമാതാക്കളുടെ കണ്ണീര് കൊണ്ട് നീയൊക്കെ അരിവാങ്ങുന്നത് അവസാനിക്കും. കാലം ഇതും കടന്നു പോകും.”