“അൻസിബ തെളിവുകൾ കാണിക്കട്ടെ, ഞാനൊരു തുറന്ന പുസ്തകമാണ്”; ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

','

' ); } ?>

നടി അൻസിബ ഹസൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് നടനും ‘അമ്മ’ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവുമായ ടിനി ടോം. അൻസിബയുടേത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറഞ്ഞു എന്ന് മറ്റാരോ പറഞ്ഞുകേട്ട കാര്യങ്ങളാണ് അൻസിബ ആരോപിക്കുന്നതെന്നും, ഇതിന് എന്തെങ്കിലും തരത്തിലുള്ള തെളിവുകളുണ്ടെങ്കിൽ അത് ഹാജരാക്കാൻ അവർ തയ്യാറാകണമെന്നും ടിനി ടോം വെല്ലുവിളിച്ചു.

വർഷങ്ങളായി താൻ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, എന്നാൽ ഇതുവരെ തനിക്കെതിരെ ആരും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മിമിക്രി കലാകാരനായ തങ്ങൾക്കിടയിൽ ജാതിയോ മതമോ ഇല്ലെന്നും, അതിനാൽ തന്നെ ഇങ്ങനെയൊരു ആരോപണം ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്ന് തനിക്കറിയില്ലെന്നും ടിനി ടോം വ്യക്തമാക്കി. എന്തായാലും ഈ വിഷയം സംഘടനയ്ക്കുള്ളിൽ വെച്ച് തന്നെ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യാതൊരു വിധ മോശം പ്രവർത്തനവും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അൻസിബ രാജിക്കത്ത് കൊടുത്തത് ഫെബ്രുവരി 21 നാണ്. 22ന് അത് തിരിച്ച് അയച്ചു. രാജി വയ്ക്കരുത്, ജനറൽ ബോഡി വരെ കൊണ്ടുപോകണം എന്ന് പറഞ്ഞു. പുള്ളിക്കാരിയുടെ രാജിക്കത്ത് ഡിലീറ്റ് ചെയ്തു. അതിനുശേഷം മാർച്ച് രണ്ടിന് നടന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ, രാജി വിഷയം സംസാരിച്ചിട്ടില്ല. പിന്നെ മേയ് പന്ത്രണ്ടിനാണ് രാജി വച്ചു എന്ന് കേൾക്കുന്നത്. അപ്പോൾ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ ഫോണിൽ വിളിച്ച് സ്‌പീക്കറിൽ ഇട്ടു. അപ്പോൾ എന്തുണ്ടെങ്കിലും തുറന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ പറഞ്ഞത് ‘സ്വന്തമായ തിരക്കുകൾ കാരണം’ ആണ് രാജി എന്നാണ്. അല്ലാതെ വേറെ ഒന്നും അല്ല എന്നും പറഞ്ഞു. സെക്രട്ടറിയും പ്രസിഡന്റും ചോദിച്ചു. അപ്പോഴും തിരക്കുകൊണ്ടാണ് രാജി വയ്ക്കുന്നതിന് ആ കുട്ടി (അൻസിബ) പറഞ്ഞു. ഇന്ന് ഇവിടെ (അമ്മ ഓഫിസിൽ) മെഡിക്കൽ ക്യാംപ് നടക്കുകയാണ്. ഞാൻ പ്രസംഗിക്കുന്നവനല്ല. പ്രവർത്തിക്കുന്നവനാണ്. ഞാൻ ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ശ്രമം ഉണ്ട്. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന മാനേജർക്കെതിരെ ആയിരുന്നു പ്രശ്‌നം. സ്‌റ്റേജ് പരിപാടികൾ നടക്കുമ്പോൾ പരസ്പരം ചീത്തവിളികൾ ഉണ്ടാവാറുണ്ട്. അത് അല്ലാതെ ഒരു പ്രശ്ന‌വും നമുക്കിടയിൽ ഉണ്ടാവാറില്ല.

എന്റെ സുഹൃത്തുക്കളിൽ അധികവും മുസ്ലിം മതവിശ്വാസികളാണ്. മമ്മൂക്കയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. ആർക്കെങ്കിലും ആരോപണം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. കമ്മിറ്റി അംഗങ്ങളോട് അല്ലേ ചോദിക്കേണ്ടത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഞാൻ അമ്മയിൽ നന്നായി പണിയെടുക്കുന്നുണ്ട്. ഞാൻ എങ്ങാനും കയറിപ്പോകുമോ എന്നൊരു തോന്നൽ ഉള്ളതുകൊണ്ടാകാം ചിലപ്പോൾ എന്നെ ഉന്നം വയ്ക്കുന്നത്. ഞാൻ പുറത്ത് ജോലി ചെയ്‌ത പണം കൊണ്ട് ഡീസൽ അടിച്ചിട്ടാണ് ഇവിടേക്ക് വന്നു സേവനം ചെയ്യുന്നത്. അത് എന്റെ അമ്മമാരോടും അപ്പന്മാരോടുമുള്ള ചാരിറ്റി ആണ്. അൻസിബയുടെ പുറകെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് കിട്ടിയിട്ടുണ്ട്. പുറത്തു പറയുന്നില്ല. നമ്മൾ അമ്മയ്ക്കുവേണ്ടി കഷ്‌ടപ്പെട്ട് ഓടുകയാണ്. ഇന്ന് ഇവിടെ നടന്ന മെഡിക്കൽ ക്യാംപിൻ്റെ ശോഭ കെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്. നിയമപരമായി നേരിടാനൊന്നും പോകുന്നില്ല. എല്ലാം ഇവിടെ തീർക്കും. അൻസിബ എന്റെ സഹോദരിയെപ്പോലെയുള്ള ആളാണ്.

ഈ വിഷയത്തിൽ തുറന്ന ചർച്ച ഉണ്ടാവണം. ഞാൻ തുറന്ന പുസ്‌തകമാണ്. ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. എന്റെ കൂട്ടുകാരൊക്കെ മുസ്ലിം മതവിശ്വാസികളാണ്. നാദിർഷക്ക ആണ് എന്നെ മിമിക്രിയിൽ കൊണ്ടുവന്നത്. ഞാൻ മിമിക്രിക്കാരനാണ്. ഞങ്ങൾക്കിടയിൽ ജാതിയും മതവും ഇല്ല. ഇങ്ങനെയൊക്കെ പറയുന്നതിന്റെ ലക്ഷ്ഷ്യം എന്താണെന്നു എനിക്ക് അറിയില്ല. സിദ്ദീഖ് ഇക്കയോടാണ് ഞാൻ ഓരോ കാര്യങ്ങളിലും നിർദേശങ്ങൾ ചോദിക്കാറുള്ളത്. ആ എന്നെക്കുറിച്ച് എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. സ്‌റ്റേജ് പരിപാടികൾക്കിടയിൽ പല പ്രശ്‌നനങ്ങളും ഉണ്ടാകാറുണ്ട്. ആരെങ്കിലും പറഞ്ഞുകേട്ടു എന്നതുകൊണ്ട് ഞാൻ ഒന്നും പറയില്ല. കമ്മിറ്റി ആണ് എല്ലാം തീരുമാനിക്കുന്നത്. ഒരു സ്ത്രീകളോടും ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു പ്രശ്‌നവും ഇതുവരെ ആരും പറഞ്ഞിട്ടില്ല,” ടിനി ടോം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അൻസിബ ഹസൻ ‘അമ്മ’യുടെ ജോയിൻ്റ് സെക്രട്ടറി സ്‌ഥാനം രാജിവച്ചത്. ധാർമികതയുടെ പേരിലാണ് രാജിയെന്നായിരുന്നു റിപ്പോർട്ട്. രാജി വയ്ക്കാൻ കാരണം ടിനി ടോമാണെന്ന് വ്യക്തമാക്കി അൻസിബ രംഗത്തുവന്നതോടെ സംഘടനയിലെ അഭിപ്രായ ഭിന്നതകളും പ്രശ്‌നങ്ങളും പരസ്യമാവുകയായിരുന്നു. താൻ ആരോടു സംസാരിച്ചാലും ടിനി ടോം അവിഹിതക്കഥകൾ ഉണ്ടാക്കും. ‘ജിഹാദി’ എന്നു വിളിച്ച് ആക്ഷേപിച്ചു. അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോൾ അതിനെ വ്യക്‌തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം ചെയ്യുന്നതെന്നും അൻസിബ തുറന്നടിച്ചു.