“എഴുത്തിലായിരുന്നതു കൊണ്ടാണ് അഭിനയത്തിൽ ഇടവേള വന്നത്”; മുരളി ഗോപി

','

' ); } ?>

‘ദൃശ്യം 3’ എന്ന സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നതായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴാണ് താനും ദൃശ്യം 3-യെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്നും മുരളി ഗോപി പറഞ്ഞു. കുറച്ചുകാലമായി അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. എഴുത്തുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാലാണ് സിനിമകളിൽ സജീവമാകാതിരുന്നതെന്നും ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി കൂട്ടിച്ചേർത്തു.

“ഇത്രയും വലിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ദൃശ്യം 2 ഇറങ്ങിയപ്പോഴും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അന്ന് കോവിഡ് കാലമായിരുന്നു. അതുകൊണ്ട് ഒടിടിയി‌ൽ മാത്രമായിരുന്നല്ലോ അത് പ്രദർശിപ്പിച്ചിരുന്നത്. ഇപ്പോൾ ഡയറക്ടായി പ്രേക്ഷകരുമായുള്ള ഒരു ഇന്ററാക്ഷൻ കാണാൻ കഴിയുന്നുണ്ട്.

വളരെ പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത്. ഞാൻ എഴുത്തിലായിരുന്നതു കൊണ്ടാണ് അഭിനയത്തിൽ ഒരു ​ഇടവേള വന്നത്. എഴുതുന്ന സമയത്ത് ഞാൻ അങ്ങനെ വേറെ സിനിമയൊന്നും എടുക്കാറില്ലായിരുന്നു. എഴുത്തിന് കൊടുക്കുന്ന പ്രാധാന്യം കാരണം അഭിനയിക്കുന്നതിൽ ഇടവേള വരുന്നതാണ്. ഒരുപാട് ഓഫർ വരുന്നുണ്ടായിരുന്നു.

പക്ഷേ അതൊന്നും എടുക്കാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളാണ് ഞാൻ ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളാണോ എന്നും നോക്കാറുണ്ട്. എനിക്ക് എഴുതാൻ ഒരുപാട് സമയമെടുക്കും. ഇനിയങ്ങോട്ട് എഴുത്തും അഭിനയവും ബാലൻസ് ചെയ്ത് കൊണ്ടുപോകാനാണ് തീരുമാനം. ദൃശ്യം മൂന്നാം ഭാ​ഗം പ്രഖ്യാപിച്ചപ്പോഴാണ് ഞാൻ ദൃശ്യം 3 ഉണ്ടെന്ന് അറിയുന്നത്.

കാരണം അത് വളരെ ഓർ​ഗാനിക്കായി സംഭവിക്കുന്ന ഒരു ഫ്രാഞ്ചൈസിയാണ്. ലൂസിഫറിന്റെയൊക്കെ കാര്യം പറയുന്ന പോലെ നേരത്തെ പ്ലാൻ ചെയ്തിരിക്കുന്ന ഒരു മൂന്ന് ഭാ​ഗമല്ല ദൃശ്യത്തിന്. ഓരോ സിനിമ കഴിഞ്ഞിട്ടും ജീത്തു പ്ലാൻ ചെയ്യുന്നതാണ് അത്. അതുകൊണ്ട് എനിക്ക് ദൃശ്യം 2, 3 എന്നിവയെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു.

ഞാൻ പൂർണമായും കഥയിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കുന്ന ഒരു നടനാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് സംവിധായകനും എഴുത്തുകാരനുമുള്ളതാണ്. ഒരു നടനായിട്ട് ഒരു സെറ്റിൽ നിൽക്കുകയാണെങ്കിൽ അങ്ങനെ തന്നെയേ ഞാനവിടെ നിൽക്കാറുള്ളൂ. അവിടെ ഒരു അനുസരണയുള്ള അഭിനേതാവ് ആകുക എന്നതാണ് എന്റെ ധർമം.” മുരളി ഗോപി പറഞ്ഞു.

“ഒരു കഥാപാത്രം ആളുകൾ സ്വീകരിച്ചു എന്ന് പറയുമ്പോൾ എല്ലാ അഭിനേതാവിനും അത് വളരെ സന്തോഷമുള്ള കാര്യമാണ്. നന്ദി. സ്ക്രിപ്റ്റ് അതുപോലെ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ. പിന്നെ സംവിധായകന്റെയും എഴുത്തുകാരന്റെയും ഇടപെടലിലൂടെ ഇംപ്രവൈസേഷൻ ഉണ്ടാകാറുണ്ട്. അത് ഏതൊരു നടനും ഉള്ളതുപോലെയേ ഉള്ളൂ.

അനന്തൻകാട് എന്ന് പറഞ്ഞ്, ഞാനെഴുതുന്ന ഒരു സിനിമ വരുന്നുണ്ട്. അതിന് വേണ്ടി ഡയറ്റ് ചെയ്ത് ശരീരഭാരം കുറച്ചിരുന്നു. നമ്മുടെ ഏറ്റവും ബെസ്റ്റ് ആണ് നമ്മൾ കൊടുക്കുന്നത്. ആളുകൾ അതെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല.

അതൊരു നല്ല അനുഭവമായിരുന്നു. അന്യഭാഷകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. ഇനി എന്തായാലും നോക്കി ചെയ്യാമെന്ന് വിചാരിക്കുന്നു.” മുരളി ​ഗോപി കൂട്ടിച്ചേർത്തു.