35-ാമത് പദ്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചന്ദ്രമതിക്കും ദിൻജിത്ത് അയ്യത്താനും പുരസ്‌കാരം

','

' ); } ?>

2025-ലെ പി. പദ്മരാജൻ സാഹിത്യ, ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവൽ രചിച്ച പ്രശസ്ത എഴുത്തുകാരി ചന്ദ്രമതിയാണ് മികച്ച നോവലിസ്റ്റ്. ‘അരപ്പാതിരി’ എന്ന ചെറുകഥയിലൂടെ ഷനോജ് ആർ. ചന്ദ്രൻ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിസ്റ്റിന് 20,000 രൂപയും കഥാകൃത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ചലച്ചിത്ര വിഭാഗത്തിൽ ‘എക്കോ’ എന്ന ചിത്രത്തിലൂടെ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായി. ഇതേ ചിത്രത്തിന്റെ രചന നിർവഹിച്ച ബാഹുൽ രമേശാണ് മികച്ച തിരക്കഥാകൃത്ത്. സംവിധായകന് 25,000 രൂപയും തിരക്കഥാകൃത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. പുതുമുഖ രചയിതാവിന്റെ ആദ്യ രചനയ്ക്കുള്ള വിസ്മയാസ്മാക്‌സ് യുവസാഹിത്യ പുരസ്‌കാരത്തിന് ‘അപരസമുദ്രം’ എന്ന നോവൽ എഴുതിയ മിഥുൻ കൃഷ്ണ അർഹനായി.

എസ്. ഹരീഷ് അധ്യക്ഷനും രാഹുൽ രാധാകൃഷ്ണൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യ പുരസ്‌കാരങ്ങൾ നിർണയിച്ചത്. മധുപാൽ അധ്യക്ഷനായ ചലച്ചിത്ര ജൂറിയിൽ വിജയകൃഷ്ണൻ, സുലോചന രാംമോഹൻ എന്നിവരായിരുന്നു അംഗങ്ങൾ. 35-ാമത് പദ്മരാജൻ പുരസ്‌കാരങ്ങൾ വരും വർഷം ഓഗസ്റ്റിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.