“ഇപ്പോ തമിഴനും വേണ്ട, തെലുങ്കനും വേണ്ട, മലയാളിയ്ക്ക് പണ്ടേ വേണ്ട”; ഒന്നുമാവാൻ കഴിയാത്ത ഫ്രസ്റ്റേഷനെന്ന് അനുപമ

','

' ); } ?>

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിനു വന്ന മോശം കമന്റുകളിൽ പ്രതികരിച്ച് നടി അനുപമ പരമേശ്വരൻ. ‘ത്രീ’ എന്ന തമിഴ് ചിത്രത്തിലെ പ്രശസ്തമായ ‘കണ്ണഴകാ’ എന്ന ഗാനം പാടുന്ന വീഡിയോയാണ് അനുപമ കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പങ്കുവെച്ചത്. മുടി രണ്ട് വശത്തേക്കായി പിന്നിയിടുമ്പോഴെല്ലാം ഈ പാട്ടാണ് തന്റെ മനസില്‍ വരാറുള്ളതെന്ന് അനുപമ കുറിച്ചു. പിന്നാലെ താരത്തെ അവഹേളിച്ചും, അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്.

പാവം ഇപ്പോ തമിഴനും വേണ്ട, തെലുങ്കനും വേണ്ട, മലയാളിയ്ക്ക് പണ്ടേ വേണ്ട. ടോട്ടലി ഔട്ട്’ എന്നായിരുന്നു ഇയാളുടെ അവഹേളനപരമായ കമന്റ്. എന്നാല്‍ ഇതിന് കൃത്യമായ മറുപടിയുമായി അനുപമ തന്നെ നേരിട്ടെത്തി. ഒരു സങ്കടപ്പെടുന്ന ഇമോജി മാത്രമാണ് താരം മറുപടിയായി നല്‍കിയതെങ്കിലും, ആ കമന്റ് എല്ലാവരും കാണുന്ന രീതിയില്‍ താരം ‘പിന്‍’ ചെയ്തു വെക്കുക കൂടി ചെയ്തു. ഇതോടെ സൈബര്‍ ആക്രമണത്തിന് മുതിര്‍ന്ന വ്യക്തിക്കെതിരെ ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തി. ഇത്രയും ക്രൂരമായ വാക്കുകള്‍ ഉപയോഗിക്കേണ്ടതില്ലായിരുന്നുവെന്നും, മലയാളികള്‍ക്ക് ഇപ്പോഴും അനുപമയെ ഒരുപോലെ ഇഷ്ടമാണെന്നും ആരാധകര്‍ കമന്റുകളിലൂടെ വ്യക്തമാക്കി. ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റാത്തവരുടെ അസൂയയും ഫ്രസ്‌ട്രേഷനുമാണ് ഇത്തരം കമന്റുകളെന്നും ആരാധകര്‍ കുറിച്ചു.

“ത്രീ സിനിമയിലെ ഈ ഗാനം പലയാവര്‍ത്തി കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനുശേഷം, ഞാന്‍ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്റെ തലയിലേക്ക് പെട്ടെന്ന് വരും. ഇന്ന് രാവിലെ ഞാന്‍ യാദൃച്ഛികമായി കണ്ണാടിയുടെ മുന്നില്‍ ഇരുന്ന് ഈ ഹെയര്‍സ്‌റ്റൈല്‍ ചെയ്തു. തല്‍ക്ഷണം ആ പാട്ട് ഓര്‍മ വന്നു. അപ്പോഴിതൊന്ന് പാടി നോക്കിയാലെന്താ എന്ന് തോന്നി. ഞാന്‍ മാത്രമാണോ ഈ ഹെയര്‍ സ്‌റ്റൈലിനെ ആ ഗാനവുമായി ബന്ധപ്പെടുത്തുന്നത്? ദയവായി എന്നോട് പറയൂ,” എന്നായിരുന്നു അനുപമ വീഡിയോയ്‌ക്കൊപ്പം കുറിച്ച കുറിപ്പ്.

അധിക്ഷേപ കമന്റുകള്‍ ഉയരുമ്പോഴും കരിയറില്‍ മികച്ച വിജയങ്ങളുമായി മുന്നേറുകയാണ് താരം. ഒടുവിലിറങ്ങിയ അനുപമയുടെ മലയാള ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ തമിഴില്‍ പുറത്തിറങ്ങിയ ‘ബൈസണ്‍’ എന്ന ചിത്രവും തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് ചിത്രം ‘ഭോഗി’യാണ് അനുപമയുടേതായി ഇനി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.