മോഹൻലാലിനെക്കുറിച്ച് ഹൃദയസ്‌പർശിയായ കുറിപ്പുമായി എഡിറ്റർ വി.എസ്. വിനായക്

','

' ); } ?>

‘ദൃശ്യം 3’ തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ, ചിത്രത്തിന്റെ എഡിറ്റർ വി.എസ്. വിനായക് പങ്കുവെച്ച ഹൃദയസ്‌പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മോഹൻലാലിനെക്കുറിച്ചും ‘ദൃശ്യം’ സിനിമയുടെ സെറ്റിലേക്ക് അദ്ദേഹം ആദ്യമായി കടന്നുവന്നതിനെക്കുറിച്ചുമുള്ള ഓർമ്മകളാണ് വിനായക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യം സിനിമ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്ററായി സിനിമാ ജീവിതം ആരംഭിച്ച വിനായക്, തുടർന്ന് വന്ന ദൃശ്യം 2, ദൃശ്യം 3 എന്നീ ചിത്രങ്ങളുടെ പ്രധാന എഡിറ്ററായി ഉയരുകയായിരുന്നു. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥാപരിസരങ്ങളോടൊപ്പം ഒരു എഡിറ്റർ എന്ന നിലയിൽ തന്റെ കരിയറും വളർന്നുവന്ന അനുഭവം വിനായക് പങ്കുവെക്കുന്നു. ദൃശ്യം മൂന്നാം ഭാഗത്തിലെത്തുമ്പോൾ മോഹൻലാൽ എന്ന ‘സിനിമാറ്റിക് അനുഭവം’ എന്താണെന്ന് താൻ പൂർണ്ണമായി തൊട്ടറിഞ്ഞതായും അദ്ദേഹം പറയുന്നു.

വർഷങ്ങൾക്ക് മുൻപ് ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ആദ്യമായി മിന്നായം പോലെ മോഹൻലാലിനെ കണ്ട കാര്യവും വിനായക് അനുസ്മരിച്ചു. അന്ന് ദൂരെ നിന്ന് മാത്രം കണ്ട സൂപ്പർതാരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്ന് ഭാഗങ്ങളിലും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും വിനായക് കുറിക്കുന്നുണ്ട്.

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ ലൊക്കേഷനിലേക്ക് മഴയത്ത് മുണ്ട് മടക്കിക്കുത്തി, ഇടം തോൾ ചരിഞ്ഞ് മോഹൻലാൽ കടന്നുവന്ന ആ ആദ്യ കാഴ്ച ഇന്നും തന്റെ മനസ്സിൽ മായാത്ത ഒരു മികച്ച സിനിമാറ്റിക് ദൃശ്യമായി അവശേഷിക്കുന്നുണ്ടെന്നും വിനായക് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. സിനിമാ ആസ്വാദകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തന്നെ ഈ കുറിപ്പ് വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.

വിനായകിന്റെ കുറിപ്പിന്റെ പൂർണരൂപം

2012 – രാത്രി സമയം. ‘റൺ ബേബി റൺ’ എന്ന സിനിമയുടെ ഷൂട്ടിങ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്നു. അന്ന് ഞാൻ നിയോ ഫിലിം സ്‌കൂളിൽ പഠിക്കുന്നു. ലാലേട്ടൻ്റെ ഷൂട്ടിങ് എന്നറിഞ്ഞു ഞങ്ങൾ കൂട്ടുകാർ എല്ലാരും പാഞ്ഞു വന്നിരിക്കുകയാണ്. അന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മിന്നായം പോലെ ആദ്യമായി ലാലേട്ടനെ കണ്ടു, കൂടെ ബിജു മേനോനും.

2013 – ആദ്യമായി ഒരു സിനിമ ലൊക്കേഷനിൽ ജോലി ചെയ്യാൻ അവസരം കിട്ടിയിരിക്കുന്നു. സിനിമയുടെ പേര് ‘ദൃശ്യം’. ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ലാലേട്ടൻ ജോയിൻ ചെയ്യുന്നത്. വരുണിൻ്റെ മഞ്ഞ മാരുതി സെൻ ജോർജ് കുട്ടി എടുക്കുന്ന സീനാണ് അന്ന് പ്ലാൻ ചെയ്‌തിരുന്നത്. ഇനിയങ്ങോട്ട് ഒരു പത്ത് നാല്‌പത് ദിവസം പുള്ളിക്കാരൻ നമ്മുടെ കൂടെയുണ്ടാവും എന്നറിയാവുന്നത് കൊണ്ടും, പുള്ളിയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം ഒരു വർഷം മുൻപേ സാധിച്ചത് കൊണ്ടും ഒരു പരിധിയിൽ കൂടുതൽ എക്സൈറ്റ്‌മെൻ്റ് എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം.പക്ഷേ ആ മനുഷ്യൻ നമ്മുടെയൊക്കെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത് ആ ദിവസമാണ്.

ഉച്ച കഴിഞ്ഞ സമയം. ചുറ്റും റബർ തോട്ടം. നേരിയ മഴ പൊഴിയുന്നുണ്ട്. മോഹൻലാൽ വരുമെന്നറിഞ്ഞു അത്യാവശ്യം ആളുകൾ കൂടിയിട്ടുണ്ട്. ലാലേട്ടൻ എത്താറായി എന്ന് കോൾ വന്നു. ക്രൂ മൊത്തം റെഡിയായി. അദ്ദേഹത്തിന്റെ വണ്ടി വന്നു റോഡ് സൈഡിൽ ഒതുക്കി നിർത്തി. ചെറിയ മഴ ഉണ്ടായിരുന്നത് കൊണ്ട് കുടയുമായി ഒരാൾ ആദ്യം ചാടിയിറങ്ങി ലാലേട്ടന് വേണ്ടി ഡോർ തുറന്നു കൊടുത്തു. വണ്ടിയിൽ നിന്നും പുറത്തേക്ക് വയ്ക്കുന്ന ആ കാലുകൾ. മഴ പെയ്തതു കൊണ്ട് അത്യാവശ്യം ചളി നിറഞ്ഞ റോഡ്. മുണ്ടിൽ ചളി പറ്റാത്തിരിക്കാൻ ഇറങ്ങിയ ഉടനെ അത് മടക്കി കുത്തുന്ന ലാലേട്ടൻ. ആർപ്പ് വിളിയും വിസിലടിയുമായി നാട്ടുകാർ. കുടക്കീഴിൽ തോളും ചരിച്ചു കൊണ്ടുള്ള ആ വരവ് ഇപ്പോഴും എൻ്റെ ഓർമയിൽ ഉണ്ട്.

ഒരു പരിധിയിൽ കൂടുതൽ ഇമോഷൻസ് ഓവർഡോസ് ആകുമ്പോൾ എന്റെ കാൽമുട്ടുകൾ കഴയ്ക്കും എന്ന ലക്ഷണം ഞാൻ ആദ്യമായ് അറിഞ്ഞത് അന്നാണ്. പറയുമ്പോൾ തള്ളാണ് എന്ന് തോന്നുമെങ്കിലും അത്രത്തോളം സിനിമാറ്റിക് ആയിട്ടാണ് ഇന്നും ഞാൻ ആ ദൃശ്യങ്ങൾ ഓർത്തിരിക്കുന്നത്. 2026 May 21 ഇന്നത്തെ ദിവസം ലാലേട്ടൻ്റെ ജന്മദിനം, ദൃശ്യം 3 റിലീസ്, ജീത്തു സർ, വളരെ സ്പെഷൽ ആയ ദിവസം. എല്ലാം കൊണ്ടും എല്ലാവരും സന്തോഷിക്കുന്ന ഒരു ദിവസമായി ഇന്ന് മാറട്ടെ എന്ന പ്രാർത്ഥനയോടെ, ഹാപ്പി ബർത്ത്ഡേ ലാലേട്ടാ. ഇത്രത്തോളം പോസിറ്റീവ് ഓറ പ്രൊജക്ട് ചെയ്യുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ലാലേട്ടൻ സെറ്റിൽ ഉണ്ടെങ്കിൽ എല്ലാരും ഹാപ്പിയാണ്.

‘ദൃശ്യം 3’ തിയറ്ററുകളിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യം 2നെ വച്ച് മൂന്നാം ഭാഗത്തെ താരതമ്യം ചെയ്യുമോ എന്നതാണ് ഏറ്റവും വലിയ ചലഞ്ചെന്നായിരുന്നു വിനായക് മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്.

“ദൃശ്യം 2′ വച്ച് മൂന്നാം ഭാഗത്തെ ജഡ്‌ജ് ചെയ്യുമോ എന്നതാണ് ഞങ്ങളെല്ലാവരും നേരിടുന്ന ചലഞ്ച്. ആദ്യ ഭാഗം പോലെയല്ല രണ്ടാം ഭാഗം. അതുപോലയേ അല്ല മൂന്ന്. രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ കണ്ടത് ജോർജുകുട്ടിയുടെ ബുദ്ധിപരമായ കളികൾ ആയിരുന്നു. മൂന്നാം ഭാഗം ശ്രദ്ധയൂന്നുന്നത് ജോർജുകുട്ടിയിലേക്കാണ്. ആദ്യത്തെ രണ്ടു ഭാഗങ്ങളിലും ജോർജുകുട്ടി മുന്നിൽ നിന്നു പട നയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ടെൻഷൻ പുറമേക്ക് കാണിക്കില്ല. കുടുംബമാണ് ഭയപ്പെടുന്നത്. അവരെ സംരക്ഷിച്ച് മുന്നിൽ നിന്ന ഒരാൾ മൂന്നാം ഭാഗത്തിലെത്തുമ്പോൾ ഭയം ബാധിക്കാൻ തുടങ്ങുകയാണ്. അങ്ങനെ അദ്ദേഹത്തിൻ്റെ ക്യാരക്‌ടർ ആർക് മാറുന്നുണ്ട്. അത് പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ‘വിനായകിൻ്റെ വാക്കുകൾ.