സഹോദരന്റെ വിയോഗത്തിലും ചിത്രീകരണം മുടക്കിയില്ല; ഉർവശിയുടെ അഭിനയത്തോടുള്ള ആത്മാർഥത വെളിപ്പെടുത്തി നടൻ ജയറാം

','

' ); } ?>

മികച്ച അഭിനേത്രി എന്നതിലുപരി കലയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുന്ന വ്യക്തിയാണ് ഉർവശിയെന്ന് വെളിപ്പെടുത്തി നടൻ ജയറാം. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമള ആൻഡ് കോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹൃദയസ്പർശിയായ ഒരു സംഭവം പങ്കുവെച്ചുകൊണ്ടാണ് ജയറാം ഇക്കാര്യം വ്യക്തമാക്കിയത്. ഗലാട്ട തമിഴിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഉർവശിക്കൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് പ്രതികൂല സാഹചര്യത്തിലും അഭിനയിക്കാൻ തയാറായി നിൽക്കുന്നവരാണ് യഥാർത്ഥ കലാകാരന്മാർ എന്ന് വ്യക്തമാക്കിയ ജയറാം, ഉർവശിയുടെ മുൻകൂർ അനുവാദത്തോടെയാണ് ഈ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ചത്. ‘

“പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആർട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്‌ത്, വളരെ ടൈറ്റ് ഷെഡ്യൂളിൽ ഷൂട്ടിങ് നടക്കുകയാണ്. നാല് ദിവസമാണ് ഷൂട്ട് വച്ചിരിക്കുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും.

അങ്ങനെ ആദ്യത്തെ ദിവസം ഷൂട്ടിങ് ഹാഫ് ഡേ കഴിയുമ്പോൾ കോൾ വന്നു, ഉർവശിയുടെ സഹോദരൻ മരണപ്പെട്ടു എന്ന്. ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, പക്ഷേ അപ്പോഴും ഉർവശി, ‘രാത്രി എനിക്ക് കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് ഫ്ളൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കി.” ജയറാം പറഞ്ഞു.

“അടുത്ത ദിവസം ചെന്നൈയിൽ പോയി മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി. ആ സിനിമയിലെ ഏറ്റവും ഹ്യൂമറസായ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉർവശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു.”- ഇത് പറഞ്ഞതിന് ശേഷം ജയറാം തൊട്ടടുത്തിരുന്ന ഉർവശിയുടെ കാൽ തൊട്ട് തൊഴുതു. ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നാണ് ഉർവശി പറയുന്നത്.

“വേറൊരു ആർട്ടിസ്‌റ്റിനൊപ്പം കോമ്പിനേഷൻ ചെയ്‌തിരുന്നുവെങ്കിൽ, ഞാൻ ആ നിമിഷം എങ്ങനെ മാനേജ് ചെയ്യും എന്നെനിക്ക് അറിയില്ല. ജയറാമിന് എന്നെക്കാൾ നന്നായി പഴ്‌നണലായി എൻ്റെ അനിയനെ അറിയാം. എന്റെ സഹോദരന്റെയും ജയറാമിൻ്റെയും സുഹൃത്തുക്കൾ കോമണാണ്. ജയറാമിന്റെ നാട്ടിലേക്ക് അവൻ ഇടയ്ക്കിടെ വരുമായിരുന്നു.

എന്നിട്ടും അനിയൻ്റെ മരണത്തെ കുറിച്ച് ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല. എന്തിന് ചെയ്‌തു, എന്തുകൊണ്ട് എന്നൊന്നും ചോദിച്ചില്ല. ആ ഒരു രംഗത്തെ കുറിച്ച് പറഞ്ഞ് ചിരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.

എന്തെങ്കിലും ഒന്ന് ആ മരണത്തെ കുറിച്ച് ജയറാം ചോദിച്ചിരുന്നെങ്കിൽ ഞാൻ അപ്‌സറ്റ് ആയിപ്പോയേനെ. ഇതെല്ലാം കഴിഞ്ഞ് പിറ്റേ ദിവസമാണ് ഞാൻ ആലോചിക്കുന്നത്, പറഞ്ഞതുപോലെ ഹ്യൂമറസ് ആയൊരു സീക്വൻസ് ആണല്ലോ അന്ന് ചിത്രീകരിച്ചതെന്ന്. സംവിധായകൻ പാണ്ടിരാജും ഒരു വാക്കും ചോദിച്ചില്ല. ചിലർ ഫോർമലായി എന്തെങ്കിലും ചോദിക്കണമല്ലോയെന്ന് കരുതി വന്ന് ചോദിക്കും. അത് തെറ്റായി പറയുകയല്ല. കലാകാരന്മാർ പക്ഷേ അങ്ങനെ ചെയ്യില്ല.

ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കണമെന്ന് അവർക്ക് അറിയാം. നമ്മളുമായി കമ്യൂണിക്കേഷനുള്ള ആർട്ടിസ്‌റ്റിനൊപ്പം പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. ഞാനും ജയറാമും തമ്മിൽ ചില വിഷയങ്ങളൊന്നും കമ്യൂണിക്കേറ്റ് ചെയ്യേണ്ട ആവശ്യം തന്നെയില്ല. വളരെ വർഷങ്ങളായി അറിയാവുന്നവരല്ലേ. ജയറാമും ഞാൻ കടന്ന് പോയിട്ടുള്ള സാഹചര്യങ്ങൾ അനുഭവിച്ചയാളാണ്.

ഞാനും ജയറാമിൻ്റെ സഹോദരിയും ഒരുപോലെയാണ്. അവളുമായി ഞാൻ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. അമ്പതിനായിരം രൂപ കടം ചോദിക്കാൻ പോലും സിനിമാ താരമായാൽ നമുക്ക് കഴിയില്ല. ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും അമ്പതിനായിരം എടുക്കാനില്ലേയെന്നാണ് അവർ ചിന്തിക്കുക.” ഉർവശി പറഞ്ഞു.

ഈ വർഷം ജനുവരിയിലായിരുന്നു ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയിയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. സായൂജ്യം, കോളിളക്കം, മഞ്ജു, കിങ്ങിണി, കല്യാണ സൗഗന്ധികം പോലുള്ള സിനിമകളിൽ കമൽ റോയ് അഭിനയിച്ചിട്ടുണ്ട്.