ചലച്ചിത്ര, നാടക സംവിധായകൻ ശ്രീജി ബാലകൃഷ്‌ണൻ കുഴഞ്ഞുവീണ് മരിച്ചു

','

' ); } ?>

ചലച്ചിത്ര, നാടക സംവിധായക തിരുവനന്തപുരം വെള്ളായിക്കടവ് ശ്രീധന്യയിൽ ശ്രീജി ബാലകൃഷ്‌ണൻ കുഴഞ്ഞുവീണ് മരിച്ചു. 49 വയസ്സായിരുന്നു. പാലക്കാട് അസി. എക്സൈസ് ഇൻസ്പെക്‌ടറും കൂടിയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്നറിയിച്ച് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവർക്കൊപ്പം ജില്ലാ ആശുപത്രിയിൽ ചികിത്സയും തേടി. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഉച്ചയ്ക്ക് മൂന്നരയോടെ ശ്രീജി കിടക്കയിൽനിന്ന് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകവേ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ശ്രീജി പാലക്കാട് യാക്കരയിലുള്ള സ്വകാര്യ ലോഡ്‌ജിലായിരുന്നു താമസം.

വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വെള്ളിയാഴ്‌ച രാവിലെ 10.30 മുതൽ 11 വരെ പാലക്കാട് എക്സൈസ് ടവറിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം ശനിയാഴ്‌ച രാവിലെ തിരുവനന്തപുരം ശാന്തികവാടം ശ്‌മശാനത്തിൽ. അച്ഛൻ: പരേതനായ ബാലകൃഷ്‌ണൻ തമ്പി. അമ്മ: ജലജകുമാരി. ഭാര്യ: ധന്യ. മക്കൾ: നിരഞ്ജൻ, ആര്യൻ. സഹോദരങ്ങൾ: ഷാജി, അനൂജ്.

‘ചന്ദ്രനും പോലീസും’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാളസിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശ്രീജി ബാലകൃഷ്‌ണൻ പാലക്കാട് ജില്ലയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്‌മയായ ടാപ് നാടകവേദിയുടെ രംഗോത്സവത്തിൽ ബിവേയർ ഓഫ് ഡോഗ്, മായാ ദർപ്പൺ, സെൽഫി എന്നിവയുൾപ്പെടെ 13-ഓളം നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിൻ്റെ കലാ, സാംസ്കാരിക, ബോധവത്കരണ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

ഒട്ടേറെ നാടകങ്ങളും ഡോക്യുമെൻററികളും എഴുതുകയും സംവിധാനംചെയ്യുകയും ചെയ്തിട്ടുണ്ട്. എക്സൈസ് വകുപ്പിനായി ‘ഇനിയെങ്കിലും’ എന്ന ഹ്രസ്വചിത്രവും സംവിധാനംചെയ്‌തിട്ടുണ്ട്. മണികണ്ഠ‌ൻ പട്ടാമ്പിയാണ് ലഹരിക്കെതിരായുള്ള ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.