
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 66-ാം ജന്മദിനം. അഭ്രപാളികളിൽ മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയെ വാനോളമുയർത്തിയ മഹാനടന് സിനിമാ ലോകവും ആരാധകരും ജന്മദിനാശംസകൾ നേരുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നത്.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും മോഹൻലാലിന് മുടങ്ങാതെ ആശംസയുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മമ്മൂട്ടി തന്റെ ആശംസ പങ്കുവച്ചു. ‘പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘പേട്രിയറ്റ്’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, രേവതി, ഗ്രേസ് ആന്റണി, ഷെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് ആരാധകർക്ക് മറ്റൊരു സമ്മാനം കൂടിയുണ്ട്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 3’ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളുടെയും മികച്ച വിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിനും ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.