
ജയറാമിനോട് അഭിനയിക്കണ്ടയെന്ന് പാർവതി പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഉർവശി. കൂടാതെ വിവാഹത്തിന് മുൻപ് തന്നെ പാർവതി അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നുവെന്നും ഉർവശി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.
‘വിവാഹത്തിന് ശേഷമല്ല, വിവാഹത്തിന് മുൻപ് തന്നെ പാർവതി അഭിനയം നിർത്തണമെന്ന് തീരുമാനിച്ചിരുന്നു. കാരണം പല തരത്തിലുള്ള കാരക്ടറുകൾ വലുതും ചെറുതുമെല്ലാം പാർവതി അതിനോടകം ചെയ്തിരുന്നു. ഭാഗ്യം കൊണ്ട് എനിക്ക് കുറേ കഥാപാത്രങ്ങൾ കിട്ടി. അപ്പോൾ ഇനിയും കൂടുതൽ ചെയ്യണം അല്ലെങ്കിൽ അഭിനയിക്കണം എനിക്ക് തോന്നി. പക്ഷേ അവൾക്ക് അങ്ങനെ അല്ലായിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ജയറാമിനൊപ്പം നിറയെ പടങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം തന്നെ വലിയ സംഭവമായിരുന്നു. ആ സമയത്ത് തന്നെ, കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന് പാർവതി തീരുമാനിച്ചിരുന്നു.’ ഉർവശി പറഞ്ഞു.
“അഭിനയം നിർത്തണം എന്ന രീതിയിൽ ഒരഭിപ്രായം പോലും ജയറാം പറഞ്ഞിട്ടുണ്ടാകില്ല. ജയറാം ഇനി അഭിനയിക്കണ്ട എന്ന് പറഞ്ഞയാളാണ് പാർവതി. നമ്മൾ രണ്ട് പേരും അഭിനയിക്കണ്ട. നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്. ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാം. സിനിമ വേണ്ട എന്ന് പറഞ്ഞയാളാണ് പാർവതി. എന്ത് ബിസിനസ് എന്ന കാര്യമൊന്നും അറിയില്ല. പക്ഷേ അവളുടെ ആഗ്രഹം അങ്ങനെയായിരുന്നു.” ഉർവശി കൂട്ടിച്ചേർത്തു.
പരിമളം ആൻഡ് കോ ആണ് ഇനി പുറത്തിറങ്ങാനുള്ള ഉർവശി, ജയറാം ചിത്രം. പാണ്ടിരാജ് ഒരുക്കുന്ന തമിഴ് സിനിമയ്ക്കായി ആണ് ജയറാം-ഉർവശി കോംബോ ഒന്നിക്കുന്നത്.ഒരു ക്രൈം കോമഡി ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നത്. മിഷ്കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ് എന്നിവർ ഈ സിനിമ നിർമിക്കുന്നത്. ഫോട്ടോഗ്രാഫി ഡയറക്ടർ : ജോർജ്ജ് സി വില്യംസ് ഐഎസ്സി, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ എന്നിവരാണ് സിനിമയിലെ മറ്റു അണിയറപ്രവർത്തകർ.