
കന്നഡ നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ജയിൽ അധികൃതർ. ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡി.ജി.പി. അലോക് കുമാർ കൂട്ടിച്ചേർത്തു.
രേണുകാസ്വാമി കൊലക്കേസിൽ രണ്ടാംപ്രതിയായ ദർശൻ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഹർജി കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരുവർഷംകൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം. അടുത്ത ഒരുവർഷം ജാമ്യംലഭിക്കില്ലെന്ന് വ്യക്തമായതോടെ ദർശൻ കടുത്ത നിരാശയിലാണെന്നാണ് വിവരം.
ഞായറാഴ് രാത്രിയിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. ഇതേസമയം, ദർശൻ അതീവനിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് രേണുക സ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് 2024 ജൂണിൽ അറസ്റ്റിലായ ദർശനും മറ്റ് പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.