
നടി അനു സിത്താരയുടെ പിതാവിന്റെ മാതാവ് (ഉമ്മൂമ്മ) അന്തരിച്ചു. അനു സിത്താരയാണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുട്ടിക്കാലം മുതലുള്ള മനോഹരമായ ഓർമ്മകളും ഉമ്മൂമ്മയുടെ സ്നേഹവും വിവരിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പാണ് അനു സിത്താര സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. തനിക്ക് ജീവിതത്തിൽ തണലായി നിന്ന ഉമ്മൂമ്മയുടെ വിയോഗവാർത്ത നൊമ്പരത്തോടെയാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
കുട്ടിക്കാലത്ത് ഉമ്മൂമ്മ പാടിത്തന്ന പാട്ടുകളും പറഞ്ഞുതന്ന കഥകളും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും പരാതികളില്ലാതെ ഏവരെയും സ്നേഹിച്ച പ്രിയപ്പെട്ട ഉമ്മയുടെ വിയോഗം താങ്ങാനാവുന്നില്ലെന്നും താരം പറയുന്നു. അമ്പലങ്ങളിലെ നൃത്തപരിപാടികൾക്ക് തട്ടവുമിട്ട് മുൻനിരയിൽ വന്നിരുന്ന് പ്രോത്സാഹിപ്പിച്ചിരുന്ന ഉമ്മൂമ്മയെ അഭിമാനത്തോടെയാണ് അനു ഓർക്കുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മൂമ്മയുടെ തന്നെ പേരക്കുട്ടിയായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും താരം കുറിച്ചു. ഉമ്മൂമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
“എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല… കുട്ടിക്കാലം മുതൽ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്… എന്റെ അടുത്തുതന്നെ ഇരുന്ന് ‘മോളേ’ എന്ന് വിളിക്കുന്നത് പോലെ.. എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാൻ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമകൾ ബാക്കിവച്ച് എന്റെ ഉമ്മ പോയി…
ഇടയ്ക്ക് ഉമ്മ സുധീർ ആപ്പയുടെ അടുത്തും സുൽഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോൾ, “പോകല്ലേ ഉമ്മ” എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാൻ തോന്നുകയാണ്… ‘ഉമ്മ പോകല്ലേ’ എന്ന് പറഞ്ഞ്.
അമ്പലങ്ങളിൽ ഉത്സവ സമയത്ത് ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാൻ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാൾ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല.” അനുസിത്താര കുറിച്ചു.
“ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം… ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം… തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം… എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം… ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എൻ്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം.”-അനു സിത്താര കൂട്ടിച്ചേർത്തു.
അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളാണ് അനു സിത്താര. സോനാര എന്ന് പേരുള്ളൊരു അനിയത്തിയുമുണ്ട്.