
പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. തർക്കങ്ങൾ പരിഹരിച്ചുവെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
‘ഞങ്ങളുടെ ഇടയിലുള്ള എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തീർക്കുകയും കൊടുക്കൽ വാങ്ങലുകളിൽ ഒരു ധാരണയിൽ എത്തുകയും ചെയ്തു. ഇത്രയും ദിവസം ചീത്ത പറയുവാനെങ്കിലും എന്നെ ഓർത്തുകൊണ്ട് നിങ്ങൾ മാറ്റിവെച്ച ഓരോ സെക്കന്റുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.’ ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
സംവിധായകൻ ലിയോ തദേവുസിൻ്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഹരീഷ് കണാരൻ ബാദുഷയെ ക്ഷണിക്കുകയായിരുന്നു. ഹരീഷിൻ്റെ വിളിയനുസരിച്ച് ഹോട്ടലിലെത്തിയ ബാദുഷ, പിന്നീട് ഹരീഷിൻ്റെ വാഹനത്തിലാണ് വിവാഹവേദിയിലേക്ക് പോയത്. വിവാഹത്തിന് ശേഷം ബാദുഷയുടെ ഫ്ലാറ്റിലെത്തിയ ഹരീഷ്, അവിടെ ചികിത്സയിൽ കഴിയുന്ന ബാദുഷയുടെ മാതാവിനെ സന്ദർശിച്ചു. ഈ കൂടിക്കാഴ്ചയിലാണ് സാമ്പത്തിക കാര്യങ്ങളിലെ തർക്കങ്ങൾ പറഞ്ഞുതീർത്തതും പുതിയ ധാരണയിലെത്തിയതും.
ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നൽകാതെ വഞ്ചിച്ചെന്നുമായിരുന്നു ഹരീഷ് കണാരന്റെ പ്രധാന ആരോപണം. പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ ചില സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ബാദുഷ ഇടപെട്ടതായും ഹരീഷ് തുറന്നടിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കൊണ്ട് ബാദുഷ പത്രസമ്മേളനം നടത്തി. താൻ 14 ലക്ഷം രൂപയാണ് വാങ്ങിയതെന്നും അതിൻ്റെ പകുതിയോളം തിരികെ നൽകിയിട്ടുണ്ടെന്നും ബാദുഷ വിശദീകരിച്ചു. പരസ്പരം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും പ്രഖ്യാപിച്ചതോടെ തർക്കം മുറുകിയ സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ ഒത്തുതീർപ്പ്.