നടി രവീണാ രവി വിവാഹിതയായി; വരൻ സംവിധായകൻ ദേവൻ ജയകുമാർ

','

' ); } ?>

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണ രവി വിവാഹിതയായി. ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദേവൻ ജയകുമാറാണ് വരൻ. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹാഘോഷം നടന്നത്. വിവാഹത്തിൻ്റെ വിശേഷങ്ങൾ രവീണയുടെ അമ്മതന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടത്. പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജാ രവിയാണ് രവീണയുടെ അമ്മ.

ശ്രീജയുടെ ഭർത്താവ് രവീന്ദ്രനാഥിന്റെ വിയോഗം കാരണമാണ് ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം ലളിതമായി നടത്തിയതെന്നും, മകൾ രവീണ ജീവിതത്തിലെ മനോഹരമായൊരു അധ്യായം ആരംഭിക്കുകയാണെന്നും ശ്രീജ കുറിച്ചു.

“50 വർഷത്തെ സിനിമാ യാത്രയിൽ ജീവിതത്തിന്റെ ഭാഗമായ എല്ലാ സിനിമാ പ്രവർത്തകർക്കുമൊപ്പം ആഘോഷമായി വിവാഹം നടത്തണമെന്നതായിരുന്നു സ്വപ്‌നം. എന്നാൽ രവിയേട്ടൻ (ശ്രീജാ രവിയുടെ ഭർത്താവ്) ഇല്ലാതെ ഈ ചടങ്ങ് ആഘോഷിക്കാൻ കഴിയുമായിരുന്നില്ല. വലിയ ആഘോഷം നടത്താനുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരുന്നില്ല.” ശ്രീജ രവി കുറിച്ചു.

“ദേവനെ പോലെ സ്നേഹനിധിയായ മകനേയും അവനിലൂടെ ഒരു കുടുംബത്തേയും ലഭിച്ചതിൽ ഏറെ സന്തോഷവതിയാണ്. ദേവന്റെ പിതാവ് ജയൻ മുളങ്കാട് നിർമാതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. അമ്മ കലാ ജയൻ ആലപ്പുഴ എസ്‌ഡി കോളേജിലെ പ്രൊഫസറായിരുന്നു. സഹോദരി ദേവി ജയൻ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റാണ്. അവർ കുടുംബസമേതം യുഎസ്സിൽ താമസമാണ്. വിവാഹം അറിയിക്കാനോ ക്ഷണിക്കാനോ കഴിയാതിരുന്നതിൽ ക്ഷമ ചോദിക്കുന്നു.”ശ്രീജ രവി കൂട്ടിച്ചേർത്തു.

‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രവീണയുടെ വരൻ ദേവൻ. വാനപ്രസ്ഥം എന്ന മോഹൻലാൽ ചിത്രത്തിൽ ഡബ്ബ് ചെയ്‌തുകൊണ്ടാണ് കുട്ടിയായിരിക്കെ രവീണാ രവി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. എഫ്ഐആർ, ദുബായ് എന്നീ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിലും ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലും രവീണ ശബ്ദസാന്നിധ്യമായി. വാലാട്ടി എന്ന ചിത്രത്തിലും താരം ഡബ് ചെയ്തിട്ടുണ്ട്. നിത്യഹരിതനായകൻ, ആസാദി എന്നീ മലയാള ചിത്രങ്ങളിലും മാമന്നൻ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും രവീണ തന്റെ അഭിനയപാടവവും പ്രകടമാക്കി. വിവാഹശേഷവും അഭിനയവും ഡബ്ബിങ്ങും തുടരാനാണ് രവീണയുടെ തീരുമാനം.