“ജനനായകൻ രണ്ടാഴ്ചയ്ക്കകം തീയേറ്ററുകളിലേക്ക്”; വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിർമ്മാതാവ്

','

' ); } ?>

ജനനായകൻ രണ്ടാഴ്ചയ്ക്കകം തീയേറ്ററുകളിലെത്തുമെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമ്മാതാവ്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസിൻ്റെ സ്ഥാപകൻ വെങ്കട് കെ. നാരായണയുടെ പ്രസ്താവന.

‘ചിത്രത്തിന്റെ അന്തിമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒപ്പം ഞങ്ങൾ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയുമാണ്. ഞങ്ങൾക്ക് വളരെയധികം സന്തോഷവും ആവേശവുമുണ്ട്. ഏകദേശം 14 ദിവസത്തിനകം ജനനായകൻ തിയേറ്ററുകളിലെത്തും. എനിക്ക് വിജയ് സാറിനെ വ്യക്തിപരമായി അറിയാം. അദ്ദേഹം വളരെ അച്ചടക്കവും സമർപ്പണബോധവുമുള്ളയാളാണ്. എന്താണോ അദ്ദേഹം വാഗ്ദാനം ചെയ്‌തത് അത് അദ്ദേഹം നടപ്പാക്കുക തന്നെ ചെയ്യും. അദ്ദേഹം വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും. ഇവിടെ പുതിയൊരു യുഗം തുടങ്ങുകയാണ്. അദ്ദേഹം (വിജയ്) ജനനായകനായി മാറി. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി.

നേരത്തേ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജനനായകൻ്റെ പുതിയ ടൈറ്റിൽ കാർഡ് റിലീസ് ചെയ്‌തിരുന്നു. ഉടൻ തിയേറ്ററുകളിൽ ആഘോഷിക്കാം എന്നാണ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ടൈറ്റിൽ കാർഡിനൊപ്പം ഉണ്ടായിരുന്നത്. ഇത് ശരിവെക്കുന്നതാണ് നിർമാതാവിൻ്റെ പ്രഖ്യാപനം.

വിജയ്‌യുടെ അവസാന സിനിമ എന്ന നിലയിൽ ആരാധകർ ഉറ്റുനോക്കുന്ന ചിത്രമാണ് ജനനായകൻ. രാഷ്ട്രീയത്തിലിറങ്ങുന്നതിൻ്റെ ഭാഗമായാണ് വിജയ് അഭിനയജീവിതത്തിന് വിരാമമിട്ടത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ജനനായകൻ പ്രതിസന്ധിയിലായിരുന്നത്. നേരത്തെ റിലീസ് നിശ്ചയിച്ച തിയ്യതിക്ക് ഒരുമാസം മുമ്പ് തന്നെ സർട്ടിഫിക്കറ്റിനായി ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചിത്രത്തിൽ തിരുത്തലുകൾ വേണമെന്നാണ് ബോർഡ് നിർദേശിച്ചത്. ഇതോടെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നാലെ ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു.