
സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസ് കളക്ഷനിലെ കള്ളക്കളികൾ പുറത്തുവരുന്നു. ഒരു സിനിമയുടെ വിജയം അത് നേടുന്ന കോടികളുടെ കണക്കുവെച്ച് അളക്കുന്ന ഇന്നത്തെ കാലത്ത്, പുറത്തുവരുന്ന പല കണക്കുകളും ഊതിവീർപ്പിച്ചതാണെന്ന ചർച്ച തമിഴ് സിനിമാ മേഖലയിൽ സജീവമാവുകയാണ്. പ്രമുഖ നിർമാതാവ് ജി. ധനഞ്ജയൻ ഒരു സിനിമാ സ്ട്രാറ്റജിസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ വ്യവസായത്തെ ബാധിച്ചിരിക്കുന്ന ഈ വ്യാജ ബുക്കിങ് പ്രവണതയെക്കുറിച്ച് തുറന്നടിച്ചത്.
മുമ്പ് ബോളിവുഡിൽ മാത്രം കണ്ടുവന്നിരുന്ന കോർപ്പറേറ്റ് ബുക്കിങ്, ബൾക്ക് ബുക്കിങ് രീതികൾ ഇപ്പോൾ തമിഴ് സിനിമയിലും വ്യാപകമായിരിക്കുകയാണ്. വലിയ താരങ്ങൾ തങ്ങളുടെ സിനിമകൾ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ ആദ്യ ദിനങ്ങളിൽ കോടികൾ ചെലവാക്കി ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങിക്കൂട്ടുന്നു. പത്ത് കോടി രൂപ വരെ ചെലവഴിച്ച് ഇത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അതിൻ്റെ നിശ്ചിത ശതമാനം തുക നിർമാതാക്കൾക്ക് തന്നെ തിരികെ ലഭിക്കുമെന്നതിനാൽ, ഇതിനെ ഒരു പ്രമോഷൻ തന്ത്രമായാണ് പലരും കാണുന്നത്. സിനിമയുടെ യഥാർഥ കളക്ഷൻ 70 കോടിയാണെങ്കിൽ ഇത്തരം കൃത്രിമ ബുക്കിങ്ങിലൂടെ അത് 100 കോടിയായി ഉയർത്താൻ താരങ്ങൾക്ക് സാധിക്കുന്നുവെന്ന് ധനഞ്ജയൻ വെളിപ്പെടുത്തുന്നു.
ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ സിനിമകൾ ട്രെൻഡിങ് ആക്കാനും ഹൗസ് ഫുൾ ബോർഡുകൾ തൂക്കാനും ഈ രീതി സഹായകരമാകുന്നു. എന്നാൽ ഈ പ്രവണത ചെറുകിട നിർമാതാക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. സിനിമയുടെ പ്രദർശനം നടക്കണമെങ്കിൽ നിശ്ചിത എണ്ണം ടിക്കറ്റുകൾ നിർമാതാവ് തന്നെ മുൻകൂട്ടി വാങ്ങണമെന്ന് മൾട്ടിപ്ലക്സുകൾ അടക്കമുള്ള തിയേറ്റർ ഉടമകൾ നിബന്ധന വെക്കുന്നു. ആളുകൾ സിനിമ കാണുന്നുണ്ടോ എന്നതിനേക്കാൾ ടിക്കറ്റുകൾ വിറ്റുപോയോ എന്നതിലാണ് തിയേറ്ററുകളുടെ ശ്രദ്ധ. സിനിമാ വ്യവസായത്തിൻ്റെ സുതാര്യതയെ ചോദ്യം ചെയ്യുന്ന ഇത്തരം രീതികൾ ഇൻഡസ്ട്രിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.