
ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി പ്രശസ്ത നടി സിമ്രാൻ. ദക്ഷിണേന്ത്യയിൽ നിന്നുള്ള അഭിനേതാക്കളെ ഹിന്ദി സിനിമാ ലോകം പലപ്പോഴും വിലകുറച്ചാണ് കാണുന്നതെന്നും അർഹമായ ബഹുമാനം നൽകുന്നില്ലെന്നും താരം കുറ്റപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് സിമ്രാൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള നിരവധി അവസരങ്ങൾ താൻ നിരസിച്ചിട്ടുണ്ടെന്ന് സിമ്രാൻ വെളിപ്പെടുത്തി. ഹിന്ദി സിനിമാ മേഖലയിലുള്ളവരുമായി മാനസികമായി പൊരുത്തപ്പെടാൻ തനിക്ക് സാധിക്കുന്നില്ലെന്നും, ദക്ഷിണേന്ത്യയിൽ താൻ ചെയ്ത വലിയ നേട്ടങ്ങളൊന്നും അവർ അറിഞ്ഞ മട്ടില്ലെന്നും താരം പറഞ്ഞു. ജീവിതത്തിൻ്റെ പകുതിയിലേറെ കാലം സിനിമയ്ക്കായി സമർപ്പിച്ച വ്യക്തിയായിട്ടും അവിടെ അർഹമായ പരിഗണന ലഭിക്കുന്നില്ല എന്നത് തന്നെ അലട്ടുന്നുണ്ടെന്ന് സിമ്രാൻ തുറന്നുപറഞ്ഞു.
ചില പ്രൊഡക്ഷൻ കമ്പനികൾ താമസിക്കുന്ന ഹോട്ടൽ മുറി, വിമാന ടിക്കറ്റ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ പോലും വിലപേശൽ നടത്താറുണ്ട്. ഒപ്പം വരുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സമ്മർദ്ദം ചെലുത്താറുണ്ടെന്നും ഇത് തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നും സിമ്രാൻ കൂട്ടിച്ചേർത്തു.ഇത്തരം വിവേചനങ്ങൾക്കെതിരെ ആരും സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും അവിടെയൊരു ‘മൂപ്പിളമ’ മനോഭാവം നിലനിൽക്കുന്നുണ്ടെന്നും താരം വിമർശിച്ചു.
എന്നാൽ അതേസമയം, സണ്ണി ഡിയോളിനൊപ്പം അഭിനയിച്ച ‘ഗബ്രു’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ തനിക്ക് മികച്ച പരിഗണനയാണ് ലഭിച്ചതെന്ന് താരം ഓർമിപ്പിച്ചു. ചിത്രത്തിൻ്റെ നിർമാതാവ് ഓം ചംഗാനി, സണ്ണി ഡിയോൾ എന്നിവർ എളിമയുള്ളവരാണെന്നും സിമ്രാൻ പ്രകീർത്തിച്ചു. ‘ഗുൽമോഹർ’ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും തികച്ചും ഊഷ്മളമായാണ് തന്നോട് പെരുമാറിയതെന്ന് താരം വ്യക്തമാക്കി.
‘ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഞാൻ പലതവണ നിരസിച്ചിട്ടുണ്ട്. കാരണം ആ ആളുകളുമായി കണക്ട് ചെയ്യാൻ എനിക്ക് പറ്റുന്നില്ല. സൗത്തിൽ നമ്മൾ ചെയ്ത സിനിമകളൊന്നും അവർ കണ്ടിട്ടേയില്ല എന്ന് തോന്നും. അത് എന്നെ അലട്ടുന്നു. നമുക്ക് ഒരു ബഹുമാനവും ലഭിക്കുന്നില്ല. ജീവിതത്തിൻ്റെ പാതിയും സിനിമയ്ക്കായി നൽകിയയാളാണ് ഞാൻ. എന്നിട്ടും മതിയായ ബഹുമാനം എനിക്ക് ലഭിക്കുന്നില്ല.’ -സിമ്രാൻ പറഞ്ഞു.
‘താമസിക്കാനുള്ള ഹോട്ടലിന്റെ കാര്യത്തിൽ അവർ വില പേശും. എനിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണം അവർ പരിമിതപ്പെടുത്തും. ‘നിങ്ങൾക്ക് ഇത്രയധികം ജീവനക്കാരെ ഒപ്പം കൂട്ടാൻ കഴിയില്ല’ എന്ന് അവർ പറയും. അവർ ഹോട്ടൽ മുറിയുടെ കാര്യത്തിലും ടിക്കറ്റിൻ്റെ കാര്യത്തിലും വില പേശും. ഇതെല്ലാമെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പക്ഷേ ആരും ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. അവിടെയൊരു മൂപ്പിളമയുണ്ട്.’ താരം തുടർന്നു.