സാരി ബിസിനസ് രംഗത്തും താരപ്പോരോ? നമിത പ്രമോദിനെതിരെ ഒളിയമ്പുമായി നടി ആര്യ

','

' ); } ?>

മലയാളത്തിലെ യുവനടി തൻ്റെ സാരി ബ്രാൻഡ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന വേളയിൽ, മുൻപ് തനിക്കുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അവതാരകയും നടിയുമായ ആര്യ രംഗത്ത്. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, നടി നമിത പ്രമോദിൻ്റെ പുതിയ ബിസിനസ്സ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വന്ന ഈ കുറിപ്പ് നമിതയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സൈബർ ലോകത്തിന്റെ കണ്ടെത്തൽ.

തൻ്റെ ‘കാഞ്ചീവരം’ എന്ന സംരംഭത്തിന്റെ ഏഴ് വർഷത്തെ യാത്രയ്ക്കിടയിൽ ഏറെ വേദനിപ്പിക്കുകയും നിസ്സഹായയാക്കുകയും ചെയ്‌തവർ ഇപ്പോൾ ഇതേ മേഖലയിലേക്ക് കടന്നുവരുമ്പോൾ, താൻ അനുഭവിച്ച വേദന അവർക്കും ബോധ്യപ്പെടുമെന്നാണ് ആര്യ തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ കുറിച്ചത്.

ഓരോ ദിവസവും പുതിയ സാരി ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നത് സാധാരണമാണെങ്കിലും, ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാൻഡ് ലോഞ്ച് കണ്ടപ്പോൾ തനിക്ക് ഇത്രയധികം സന്തോഷം തോന്നുന്നതെന്ന് ആര്യ പറയുന്നു. ഒരു സംരംഭക എന്ന നിലയിൽ തന്നെ വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത ഒരു പ്രത്യേക സംഭവമുണ്ടായെന്നും,

അന്ന് ആ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇന്ന് പുതിയ ബ്രാൻഡ് ലോഞ്ച് ചെയ്തിരിക്കുന്നതെന്നും ആര്യ കൂട്ടിച്ചേർത്തു. താൻ അനുഭവിച്ച ആ വേദന അവർക്കിപ്പോൾ മനസ്സിലാകുമെന്നും, സാധാരണയായി ഇത്തരം കാര്യങ്ങൾ പരസ്യമായി പറയാറില്ലെങ്കിലും ആ സംഭവം അത്രത്തോളം വേദനിപ്പിച്ചതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

മേയ് ആറിനാണ് ആര്യ ഈ ഇൻസ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചത്. ഇതേ ദിവസമാണ് നടി നമിത പ്രമോദ് തന്റെ പുതിയ സാരി ബ്രാൻഡായ ‘നമ്മ ദേസി’ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുത്തിയത്. മേയ് എട്ടിനാണ് ബ്രാൻഡിന്റെ ഔദ്യോഗിക ലോഞ്ച്. ഇരുവരുടെയും പോസ്റ്റുകളുടെ സമയത്തെ ഈ സാമ്യതയാണ് ആര്യയുടെ ഉന്നം നമിതയാണെന്ന നിഗമനത്തിൽ ആരാധകരെ എത്തിച്ചത്. സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും റസ്‌റ്റോറൻ്റ് ശൃംഖലയുടെ വൻവിജയത്തിന് ശേഷം ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നമിത.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്ന ഈ വിവാദങ്ങളോട് ഇരുതാരങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഓൺലൈൻ വസ്ത്രവ്യാപാര രംഗത്ത് മലയാളത്തിൽ നിന്നുള്ള നടിമാരുടെ സാന്നിധ്യം പുതിയ കാര്യമല്ല. പൂർണിമ ഇന്ദ്രജിത്ത്, കാവ്യ മാധവൻ, ഷീലു ഏബ്രഹാം, അഹാന കൃഷ്ണ, ദിയ കൃഷ്‌ണ, ഹൻസിക തുടങ്ങിയ നിരവധി താരങ്ങൾ ഈ മേഖലയിൽ ഓൺലൈൻ ബിസിനസ്സ് ചെയ്യുന്നുണ്ട്. സെലിബ്രിറ്റികൾക്കിടയിലെ ഈ പുതിയ ബിസിനസ്സ് പോര് വരും ദിവസങ്ങളിലും സിനിമാ-സൈബർ വൃത്തങ്ങളിൽ വലിയ ചർച്ചയാകാനാണ് സാധ്യത.