
പ്രശസ്ത ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
1988-ൽ ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന നിർമാണ കമ്പനി സ്ഥാപിച്ച് ചലച്ചിത്ര രംഗത്ത് സജീവമായ അദ്ദേഹം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 1990-ൽ പുറത്തിറങ്ങിയ ‘പുതു വസന്തം’ ആണ് അദ്ദേഹം നിർമിച്ച ആദ്യ തമിഴ് ചിത്രം. മികച്ച ചിത്രത്തിനുള്ള തമിഴ്‌നാട് സംസ്ഥാന അവാർഡ് ഈ ചിത്രം നേടിയിരുന്നു. തുടർന്ന് കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ‘പുരിയാദ പുതിർ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നിർമാതാവായി മാറി.
ചേരൻ പാണ്ഡ്യൻ, നട്ടമൈ, പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മനവും തുള്ളും, ആനന്ദം തുടങ്ങി തമിഴിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങൾ ചൗധരിയുടെ ബാനറിൽ പിറന്നവയാണ്. മലയാളത്തിൽ മോഹൻലാൽ നായകനായ ‘കീർത്തി ചക്ര’ ഉൾപ്പെടെയുള്ള സിനിമകളും അദ്ദേഹം നിർമിച്ചു. വിജയ് നായകനായ ‘ജില്ല’, ‘ഗോഡ്ഫാദർ’, ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ‘മാരീസൻ’ (2025) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ. ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളെയും അണിനിരത്തി സിനിമകൾ ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ സ്വദേശിയായ ആർ.ബി. ചൗധരി സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുൻപ് സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി മേഖലകളിൽ ശ്രദ്ധേയനായിരുന്നു. നിർമാതാവ് ഗുഡ്‌നൈറ്റ് മോഹനുമായി ചേർന്നാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ഇവർ വേർപിരിഞ്ഞതോടെയാണ് തന്റെ ബാനറിന് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് പേരുനൽകിയത്.
തമിഴ്‌നാട് സ്വദേശി മെഹ്‌ജബീനാണ് ഭാര്യ. നടന്മാരായ ജീവ, ജിത്തൻ രമേശ് എന്നിവരെ കൂടാതെ സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിവരും മക്കളാണ്. അച്ഛന്റെ നിർമാണത്തിൽ ഒരുങ്ങിയ നിരവധി ചിത്രങ്ങളിൽ ജീവയും ജിത്തൻ രമേശും വേഷമിട്ടിട്ടുണ്ട്. പ്രിയ നിർമാതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ ലോകം അനുശോചനം രേഖപ്പെടുത്തി.