തിരഞ്ഞെടുപ്പ് ഗോദയിലെ താരപ്പോര്; പതറാതെ പിഷാരടി, അടിതെറ്റി പ്രമുഖർ

','

' ); } ?>

സിനിമാ-ടെലിവിഷൻ രംഗത്തെ തിളക്കമാർന്ന സാന്നിധ്യമായ രമേഷ് പിഷാരടിക്ക് രാഷ്ട്രീയത്തിലും ഗംഭീര തുടക്കം. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങിയ പിഷാരടി, 13,147 വോട്ടുകളുടെ ശ്രദ്ധേയമായ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രൻ എൻ.എം.ആർ റസാഖ് എന്നിവർ ഉയർത്തിയ കടുത്ത പോരാട്ടത്തെ മറികടന്നാണ് ഈ വിജയം എന്നത് പിഷാരടിയുടെ നേട്ടത്തിന് ഇരട്ടി മധുരം നൽകുന്നു.

ഈ തിരഞ്ഞെടുപ്പിൽ വിവിധ മുന്നണികൾ സിനിമാതാരങ്ങളെ പരീക്ഷിച്ചപ്പോൾ, യുഡിഎഫ് നിരയിലെ ഏക സിനിമാതാര സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി നിരവധി താരങ്ങളെ രംഗത്തിറക്കിയും എൽഡിഎഫ് രണ്ട് താരങ്ങളെ മത്സരിപ്പിച്ചും ശ്രദ്ധ നേടിയെങ്കിലും, ജനപ്രീതി വോട്ടാക്കി മാറ്റുന്നതിൽ പിഷാരടി ബഹുദൂരം മുന്നിലെത്തി. സിനിമയിലെ തന്റെ സ്വതസിദ്ധമായ ശൈലിയും ജനകീയതയും പ്രചാരണത്തിലുടനീളം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. കലാരംഗത്തെ മികവിന് പിന്നാലെ രാഷ്ട്രീയത്തിലും തനിക്ക് ചുവടുറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച പിഷാരടിയുടെ വിജയം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്. സിനിമയിൽ നിന്ന് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയവരിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ വേറിട്ട വിജയമായി പിഷാരടിയുടെ നേട്ടം മാറി.

തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരാണ് താരമത്സരാർത്ഥികളായെത്തിയത്. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയായെത്തിയത് നടൻ സുധീർ കരമനയാണ്. യുഡിഎഫിനുവേണ്ടി സിഎംപി കളത്തിലിറക്കിയ സി.പി. ജോൺ, ബിജെപിയുടെ കരമന ജയൻ എന്നിവരാണ് എതിർ സ്ഥാനാർഥികളായെത്തിയത്. അന്തിമഫലം വന്നപ്പോൾ സി.പി. ജോൺ 45586 വോട്ടിന് ജയിച്ചു. 35723 വോട്ടോടെ സുധീർ കരമന രണ്ടാമതായി.

അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായെത്തിയത് നടൻ വിവേക് ഗോപനാണ്. സിപിഎമ്മിൻ്റെ ജി. സ്റ്റീഫൻ, കോൺഗ്രസിൻ്റെ വി.എസ്. ശിവകുമാർ എന്നിവരാണ് മണ്ഡലത്തിലെ മറ്റുപ്രധാന സ്ഥാനാർഥികൾ. 23,760 വോട്ട് നേടിയ വിവേക് ഗോപൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ശക്തമായ പോരാട്ടം നടന്ന മറ്റൊരു മണ്ഡലം അരൂർ ആണ്. സിറ്റിങ് എംഎൽഎയും ഗായികയുമായ ദലീമ ജോജോ ആണ് ഇവിടെ ഇടതുസ്ഥാനാർത്ഥി. കോൺഗ്രസിനായി ഷാനിമോൾ ഉസ്‌മാനും എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസിൻ്റെ പി.എസ്. ജ്യോതിസും കളത്തിലിറങ്ങി. ദെലീമയെ 9324 വോട്ടിന് ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുത്തി.

കൊല്ലം ജില്ലയിലും രണ്ട് താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു. പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായെത്തിയ നടനും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ 8310 വോട്ടിന് കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല തോൽപ്പിച്ചു. കുണ്ടറയിൽ ബിജെപി സ്ഥാനാർഥിയായി എത്തിയ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും തോൽവി രുചിച്ചു. 18,966 വോട്ടാണ് അദ്ദേഹത്തിന് നേടാനായത്.

എറണാകുളം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലാണ് താരസാന്നിധ്യമുണ്ടായിരുന്നത്. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്ന നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ 21,424 വോട്ടും തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി നടി അഞ്ജലി നായർ 29,471 വോട്ടും അങ്കമാലിയിൽ മത്സരിച്ച ടെലിവിഷൻ താരം പ്രോമി കുര്യാക്കോസ് 9893 വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി.