
തമിഴ്‌നാട് നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചു കൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) വൻ മുന്നേറ്റം നടത്തുന്നു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കവേ, പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്ത് പുതിയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
അവസാന വിവരങ്ങൾ ലഭിക്കുമ്പോൾ 100 സീറ്റുകളിലാണ് ടി.വി.കെ ലീഡ് ചെയ്യുന്നത്. ഇതോടെ എഐഎഡിഎംകെ നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തെയും (65 സീറ്റ്) ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തെയും (55 സീറ്റ്) പിന്നിലാക്കി വിജയ് തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഡി.എം.കെയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 മണ്ഡലങ്ങളിലും ടി.വി.കെ കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ ഡി.എം.കെയെയും എഐഎഡിഎംകെയെയും അപ്രസക്തരാക്കി വിജയ് മുന്നേറുന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി തമിഴ്‌നാട് ഭരിക്കുന്ന ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് മൂന്നാമതൊരു ശക്തിയുടെ ഉദയത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമ പൂർണമായും ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വിജയ്, തന്റെ ആദ്യ പോരാട്ടത്തിൽ തന്നെ തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുകയാണ്.