“ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത”; ‘പേട്രിയറ്റി’ന് കയ്യടിച്ച് വി ശിവൻ കുട്ടി

','

' ); } ?>

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ എന്ന ചിത്രത്തെ അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുകാട്ടുന്ന ശക്തമായ സാമൂഹിക പാഠമാണ് ഈ സിനിമയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സൈബർ സുരക്ഷയെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും നൽകി വരുന്ന അവബോധ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് ഈ സിനിമയെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെയും സൈബർ ലോകത്തെ ചതിക്കുഴികളെയും കുറിച്ച് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും കൃത്യമായ ധാരണ നൽകാൻ സിനിമയ്ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷയെന്ന വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ‘പേട്രിയറ്റ്’ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; ‘പേട്രിയറ്റ്’ ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം ‘പേട്രിയറ്റ്’ കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ്‌ നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിത്. സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നൽകുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് വലിയ കരുത്താണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.