ഞാനൊരു കടുത്ത ഷാരൂഖ് ആരാധകൻ; ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി

','

' ); } ?>

താനൊരു കടുത്ത ഷാരൂഖ് ആരാധകനാണെന്ന കാര്യം വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക്. മാധ്യമപ്രവർത്തകനും സംരംഭകനുമായ പവൻ ലുത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ബോളിവുഡ് കമ്പത്തെക്കുറിച്ച് സംസാരിച്ചത്. ഇഷ്ടപ്പെട്ട ബോളിവുഡ് ചിത്രം ഏതാണെന്ന ചോദ്യത്തിന് മറുപടിയായി ഷാരൂഖ് ഖാന്റെ പേരും അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും ടോണി ബർക്ക് ആവേശത്തോടെ പങ്കുവെച്ചു. 2007-ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ കഥപറച്ചിലും അതിലെ വൈകാരികമായ ആഴവുമാണ് തന്നെ ഇത്രയധികം ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാരൂഖിന്റെ തന്നെ ‘ചക് ദേ ഇന്ത്യ’, ഹൃത്വിക് റോഷൻ-ഐശ്വര്യ റായ് കൂട്ടുകെട്ടിലൊരുങ്ങിയ ചരിത്ര സിനിമ ‘ജോധ അക്ബർ’ എന്നിവയും തന്റെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമകൾക്ക് പുറമെ, ഇന്ത്യൻ സംഗീത വിസ്മയം എ.ആർ. റഹ്മാനോടുള്ള തന്റെ ഇഷ്ടവും അദ്ദേഹം വെളിപ്പെടുത്തി.

മുൻപ് യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമ്മനിയുടെ മുൻ ചാൻസലർ ആംഗല മെർക്കൽ, പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയ പ്രമുഖരും തങ്ങൾ ഷാരൂഖ് ആരാധകരാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആ നിരയിലേക്കാണ് ഇപ്പോൾ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രിയും എത്തിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലെത്തിയാലും ഷാരൂഖ് എന്ന ബ്രാൻഡിനും അദ്ദേഹത്തിന്റെ സിനിമകൾക്കും ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ടോണി ബർക്കിന്റെ വാക്കുകളിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നത്.