ഷക്കീറയുടെ സംഗീതനിശയ്ക്കായി വേദിയൊരുക്കുന്നതിനിടെ അപകടം: നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

','

' ); } ?>

പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയുടെ സംഗീതപരിപാടിക്കായി വേദിയൊരുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നിർമാണ തൊഴിലാളി മരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള പ്രശസ്തമായ കൊപകബാന ബീച്ചിൽ ഞായറാഴ്ചയായിരുന്നു സംഭവം. വേദിയുടെ നിർമാണത്തിനായി ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തിയ ലോഹഭാഗം ശരീരത്തിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഗീതനിശയുടെ സംഘാടകർ മരണവിവരം സ്ഥിരീകരിച്ചതായി ‘പീപ്പിൾ’ മാഗസിൻ റിപ്പോർട്ട് ചെയ്തു.

അപകടം നടന്നാലുടൻ തൊഴിലാളിക്ക് പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി സംഘാടകർ അറിയിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിനൊപ്പം തങ്ങളുണ്ടാകുമെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും സംഘാടകർ പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടത്തിൽ തൊഴിലാളിക്ക് അതീവ ഗുരുതരമായ പരിക്കേറ്റിരുന്നതായി പ്രാദേശിക ഫയർ ഫോഴ്സും സ്ഥിരീകരിച്ചു. എമർജൻസി ടീം എത്തുന്നതിന് മുമ്പ് തന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആംബുലൻസ് സർവീസിലെ സൈനികോദ്യോഗസ്ഥർ വഴിമധ്യേ വെച്ച് ആവശ്യമായ പരിചരണങ്ങൾ നൽകിയെങ്കിലും മുൻസിപ്പൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ഷക്കീറയുടെ സംഗീത പരിപാടിക്കായുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ ദുരന്തം വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്.