
ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അരുൺ എ. കുമാർ, ‘വാഴ 2’ വിലെ ‘കുട്ടേട്ടൻ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒളിമ്പ്യൻ അന്തോണി ആദം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിലെ ബാലതാര വേഷങ്ങൾക്ക് ശേഷം അരുണിന് ലഭിക്കുന്ന ഏറ്റവും വലിയ കരിയർ ബ്രേക്കായി മാറുകയാണ് കുട്ടേട്ടൻ. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് വലിയ രീതിയിലുള്ള പ്രശംസകളാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ വിജയത്തിന് പിന്നാലെ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും അരുൺ പങ്കുവെച്ചു.
സിനിമ പുറത്തിറങ്ങിയതോടെ ജനങ്ങൾക്കിടയിൽ കുട്ടേട്ടൻ എന്ന പേര് വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടുവെന്ന് അരുൺ പറയുന്നു. ഇപ്പോൾ റോഡിലൂടെ പോകുമ്പോൾ പോലും ആളുകൾ തന്നെ ‘കുട്ടേട്ടാ’ എന്നാണ് വിളിക്കുന്നത്. സിനിമയിലെ ഡയലോഗുകൾ പരാമർശിച്ച് ‘സാധനം ഉണ്ടോ?’ എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്. എന്നാൽ സിനിമയിൽ താൻ അവതരിപ്പിച്ച ഹൈഡ്രോപോണിക്സിനെക്കുറിച്ച് യഥാർത്ഥത്തിൽ തനിക്ക് വലിയ ധാരണയില്ലെന്ന് താരം വെളിപ്പെടുത്തി. ഹൈഡ്രോപോണിക്സ് എന്നാൽ എന്താണെന്ന് തനിക്ക് ഡീറ്റെയിൽ ആയി അറിയില്ലെന്നും സ്ക്രിപ്റ്റിൽ പറയുന്ന കാര്യങ്ങൾ മാത്രമേ തനിക്കറിയൂ എന്നും, അതിന്റെ റിയൽ ഫോമിനെക്കുറിച്ച് അറിയില്ലെന്നും അരുൺ തുറന്നുപറഞ്ഞു.
സംവിധായകൻ അൽഫോൺസ് പുത്രനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങളെക്കുറിച്ചും അരുൺ വാചാലനായി. പ്രേമം സിനിമ കണ്ടത് മുതൽ അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. സെറ്റിലെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തങ്ങൾ തമ്മിൽ നല്ല രീതിയിൽ സിങ്ക് ആയി. പി.ടി.എ മീറ്റിംഗ് സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. പിന്നീട് പോലീസ് സ്റ്റേഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തു. ആ സീനിൽ ശരിക്കും ചവിട്ടിക്കൊള്ളാൻ സഹപ്രവർത്തകർ പറഞ്ഞെങ്കിലും അൽഫോൺസ് പുത്രൻ അതിന് തയ്യാറായില്ല. വളരെ പ്രൊഫഷണലായി ടൈമിംഗ് പറഞ്ഞുതന്ന് പുഷ് ചെയ്യുമ്പോൾ റിയാക്ട് ചെയ്താൽ മതിയെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രണ്ട് ദിവസം കൊണ്ട് സ്റ്റേഷൻ സീനുകൾ തീർന്നെങ്കിലും മറ്റൊരു പ്രധാന സീനിനായി പത്ത് ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നുവെന്നും, സിനിമയുടെ എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അരുൺ കൂട്ടിച്ചേർത്തു.
അതേ സമയം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരവേ കളക്ഷനിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ‘വാഴ 2’. കേരളത്തിൽ നിന്ന് മാത്രം 124 കോടി നേടിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസായി നാലാം വാരത്തിൽ എത്തി നിൽക്കുമ്പോൾ കേരളത്തിൽ ടോപ്പ് കളക്ടഡ് മലയാളം ചിത്രങ്ങളിൽ ഒന്നാമതായി ‘വാഴ 2’. കല്യാണി പ്രിയദർശൻ്റെ ‘ലോക; ചാപ്റ്റർ വൺ ചന്ദ്ര’യെ മറികടന്നാണ് ‘വാഴ 2’വിന്റെ നേട്ടം. ഈ റെക്കോർഡിൽ ‘ലോക’ക്കൊപ്പം ‘തുടരും’, ‘2018’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളേയും ‘വാഴ 2’ പിന്നിലാക്കി.