
നടനും എഴുത്തുകാരനുമായ വിജയ് കുമാറിനും, ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തൻ്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നും, കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും അനുഗ്രഹ പറഞ്ഞു. വിജയ്കുമാറിനും ഭാര്യക്കും പുറമെ നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരെയാണ് അനുഗ്രഹയുടെ ആരോപണം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായി തകർന്നു. ആത്മഹത്യയുടെ വക്കിലെത്തി. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചുവെന്നും നടി ആരോപിച്ചു.”
“ഒരുവർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴുമാസമായി തുടരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ഒന്നുരണ്ടുമാസത്തിനിടെ കൂടുതൽ വഷളായി. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്‌ടമായി. നിർമാണക്കമ്പനി പ്രതിഫലവും നൽകിയില്ലെന്നും നടി പറഞ്ഞു.”
“തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ, അക്കാര്യം അറിയിച്ച സുഹൃത്തിനോട് ‘അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ’, എന്ന് വിജയ് കുമാറിന്റെ ഭാര്യ പറഞ്ഞുവെന്ന് നടി ആരോപിച്ചു. നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്‌മാരമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. സംഭവങ്ങൾ തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തിയെന്നും നടി വീഡിയോയിൽ വെളിപ്പെടുത്തി.”
ജിയോഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് ‘റിസോർട്ടി’ലെ നായകനും എഴുത്തുകാരനുമാണ് വിജയ് കുമാർ.