“അഖിൽ മാരാരിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും മാനുഷിക വിരുദ്ധവും”; ഭാഗ്യലക്ഷ്മി

','

' ); } ?>

പ്രസവത്തെക്കുറിച്ച് ബിഗ് ബോസ് വിജയിയും രാഷ്ട്രീയപ്രവർത്തകനുമായ അഖിൽ മാരാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും മാനുഷിക വിരുദ്ധവുമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രസവം സ്ത്രീകൾ ആസ്വദിച്ചു ചെയ്യുന്ന കാര്യമാണെന്ന അഖിൽ മാരാരുടെ പരാമർശം സ്ത്രീത്വത്തെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും ഇതിനെതിരെ സമൂഹം പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

പ്രസവം സ്ത്രീകൾ ആസ്വദിച്ചു ചെയ്യുന്ന കാര്യമായിരുന്നുവെന്നും ആശുപത്രികളാണ് ആ ആസ്വാദനം ഇല്ലാതാക്കിയത് എന്നുമുള്ള മാരാരുടെ വാക്കുകൾ ക്രൂരമാണെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പ്രസവസമയത്തെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ച് ഇദ്ദേഹത്തിന് എന്തറിയാമെന്നും സ്വന്തം വീട്ടിലെ സ്ത്രീകളോട് പോലും ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടോ എന്നും അവർ ചോദിച്ചു.

അഖിൽ മാരാർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത്. സ്ത്രീകളോട് ഇത്രമാത്രം പുച്ഛം വെച്ചുപുലർത്തുന്ന ഒരാൾ ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് ഒരു പ്രയോജനവും ഉണ്ടാകില്ല. ഭാര്യയെ അടിക്കുമെന്നും അവർക്ക് വിവരമില്ലെന്നും അഭിമുഖങ്ങളിൽ പറയുന്നത് മാരാരുടെ വ്യക്തിപരമായ കാര്യമായിരിക്കാം. എന്നാൽ സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കാത്ത ഒരാൾക്ക് സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കാൻ കഴിയില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ജയിച്ചതോടെ രാജ്യത്തെ പരമോന്നത ബഹുമതി ലഭിച്ചു എന്ന ഭാവത്തിലാണ് മാരാർ സംസാരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിലെ വിജയം എന്നത് എല്ലാ കാര്യങ്ങളിലും ആധികാരികമായി അഭിപ്രായം പറയാനുള്ള ലൈസൻസല്ല. സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാതെ ഇത്തരം ബുദ്ധിശൂന്യമായ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അഖിൽ മാരാരുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വന്നിരിക്കുന്നത്.

“വളരെ സ്ത്രീവിരുദ്ധമായ, മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയത്. എത്ര ലാഘവത്തോടെയാണ് അഖിൽ മാരാർ അത് പറഞ്ഞത്. അതിനെ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും വളരെ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായ ഈ മാറ്റം കണ്ട വലിയ സന്തോഷം തോന്നി.

ബിഗ്‌ബോസിൽ ഒക്കെ വരുന്നതിനു മുന്നേ തന്നെ ചാനൽ ചർച്ചകളിലൊക്ക ഒന്നിച്ചിരുന്ന് എനിക്ക് അഖിൽ മാരാരെ പരിചയമുണ്ട്. ബിഗ് ബോസ് എന്ന ഷോയിൽ നിന്ന് അതിന്റെ വിജയിയായി പുറത്തുവന്നതിന് ശേഷം ഈ ഇന്ത്യ മഹാരാജ്യത്തെ പരമോന്നത ബഹുമതിയാണ് പുള്ളിക്ക് കിട്ടിയിരിക്കുന്നത് അതുകൊണ്ട് തന്നെ എന്തും പറയാം എന്ന് പുള്ളിക്ക് ഒരു വിചാരമുണ്ട്.

ആധികാരികമെന്ന് തോന്നുന്ന വിധത്തിൽ എന്തും അങ്ങ് പടച്ചുവിടാം. മാനുഷിക വിരുദ്ധമായ, ജെൻഡർ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാം. ഇതൊക്കെ കേൾക്കുമ്പോൾ ഇതിനൊന്നും അങ്ങനെ പ്രതികരിക്കേണ്ട ആവശ്യമില്ല എന്ന് ഞാനും വിചാരിച്ചു. പക്ഷേ ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു പ്രസ്താവന, അതായത് ‘പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്ന കാര്യമായിരുന്നു, ആ ആസ്വാദനം ഇന്ന് ഇല്ലാതെയാക്കിയത് ആശുപത്രികളാണ്’ എന്നത് കേട്ട് പ്രതികരിക്കാതിരിക്കാൻ കഴിയില്ല.” ഭാഗ്യലക്ഷ്മി പറഞ്ഞു.

“ആരാടോ തന്നോട് പറഞ്ഞത്, സ്ത്രീകൾക്ക് പ്രസവം എൻജോയ്മെന്റ് ആയിരുന്നു എന്ന്. സ്ത്രീകളുടെ ആ സമയത്തെ മാനസികാവസ്ഥ എന്താണെന്ന് താൻ അറിഞ്ഞിട്ടുണ്ടോ? താൻ അതേക്കുറിച്ച് ആരോടെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ? അമ്മ, ഭാര്യ, സഹോദരി, അങ്ങനെ വീട്ടിൽ സ്ത്രീകൾ ഉണ്ടാകില്ലേ, അവരോടൊക്കെ ചോദിച്ചിട്ടുണ്ടോ ? പ്രസവസമയത്ത് ഒരു സ്ത്രീക്ക് ശാരീരികമായും മാനസികമായും ഉണ്ടാകുന്ന മാറ്റം എന്താണ്, ആ സ്ത്രീ എങ്ങനെയാണ് അത് നേരിടുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ ?

എന്തൊരു ക്രൂരമായ മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് താങ്കൾ ഈ പറഞ്ഞത്. മറ്റൊരു ഇന്റർവ്യൂവിൽ താങ്കൾ പറയുന്നത് കേട്ടു, താങ്കൾ താങ്കളുടെ ഭാര്യയെ അടിക്കും പിന്നെ സ്നേഹത്തോടെ പെരുമാറും എന്നൊക്കെ, അതൊക്കെ താങ്കളുടെ ഇഷ്ടം, അത് ഭാര്യയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ഒന്നും പറയാനില്ല. മറ്റൊരു ഇന്റവ്യൂവിൽ പറയുന്നത് കേട്ട് അവർക്ക് വിവരമില്ല എന്ന് അതിലും നമുക്ക് പ്രശ്‌നമില്ല, ആ സ്ത്രീക്ക് കുഴപ്പമില്ലാത്ത കാലത്തോളം നമുക്ക് പ്രശ്നമില്ല.

നമ്മളെ അപമാനിക്കുന്നെങ്കിൽ മാത്രമേ നമുക്ക് പ്രശ്നമുള്ളൂ, പക്ഷേ പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്ന പ്രക്രിയയാണ് എന്ന പ്രസ്താവന സമൂഹത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ്. പ്രത്യേകിച്ചും അഖിൽ മാരാർ ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിച്ചു കഴിഞ്ഞു, താങ്കൾ വിജയിക്കല്ലേ എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്.” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.