“ഞാനവരിലൊരാളാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് എന്റെ വിജയമാണ്”; മമിത

','

' ); } ?>

ധനുഷ് ചിത്രം കരയിൽ മമിതയെ ഇരുണ്ട നിറക്കാരിയാക്കാൻ ബ്രൗണ്‍ നിറം പൂശി എന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി മമിത ബൈജു. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാത്തരം വേഷങ്ങളും ചെയ്‍തു നോക്കണമെന്നും, അത്തരമൊരു ചുറ്റുപാടില്‍ ജീവിയ്ക്കുന്ന സ്ത്രീകള്‍ക്ക് തന്നെ കണ്ടതിന് ശേഷം നമ്മളിലൊരാളാണ് അവള്‍ എന്ന് കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് സാധിച്ചാല്‍, അതാണ് തന്റെ വിജയമെന്നും മമിത പറഞ്ഞു.

“എന്റെ മുന്നില്‍ വന്ന അവസരം ഞാന്‍ സ്വീകരിക്കുകയാണ് ചെയ്‍തത്. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാത്തരം വേഷങ്ങളും ലഭിക്കണം, അത് ചെയ്‍തു നോക്കണം എന്നാണല്ലോ. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യാനായി ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആര് വേണം ഇന്ന റോള്‍ ചെയ്യാന്‍ എന്നത് പൂര്‍ണമായും ആ സിനിമയുടെ മേക്കേഴ്‍സിന്റെ തെരഞ്ഞെടുപ്പാണ്. അങ്ങനെ നമ്മളെ തിരഞ്ഞെടുക്കുന്നത് അനീതിയാണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ജോലി ചെയ്‍ത് നമ്മള്‍ നേടിയെടുക്കുന്നതാണ്, ചെയ്യാന്‍ പറ്റും എന്ന വിശ്വാസം. അതുകൊണ്ടാണ് അവസരം ലഭിക്കുന്നത്.” മമിത പറഞ്ഞു

“കര എന്ന സിനിമയെ സംബന്ധിച്ചാണെങ്കില്‍, അത്തരമൊരു ചുറ്റുപാടില്‍ ജീവിയ്ക്കുന്ന സ്ത്രീകള്‍ക്ക് തന്നെ കണ്ടതിന് ശേഷം നമ്മളിലൊരാളാണ് അവള്‍ എന്ന് കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് സാധിച്ചാല്‍, അതാണ് എന്റെ വിജയം. അത് ഒരു അഭിനേത്രി എന്ന നിലയിലെ എന്റെ നേട്ടമാണ്. അത് മാത്രമല്ല, ഇത്തരം മാറ്റങ്ങള്‍ അതിരുകള്‍ മറികടക്കുന്നു എന്നത് കൂടെയാണ്. മറ്റൊരു ഭാഷയില്‍ നിന്ന് അഭിനയിച്ച് തെളിയിക്കുക എന്നത് ഒരു കടമ്പയാണ്. എന്നെ സംബന്ധിച്ച് എന്റെ അതിരുകള്‍ മറികടന്ന് അഭിനയിക്കുക എന്നത് എന്റെ കടമയാണ്, എന്റെ ഉത്തരവാദിത്വമാണ്.” മമിത കൂട്ടിച്ചേർത്തു.

സൂര്യ നായകനാകുന്ന വിശ്വനാഥ് ആൻഡ് സണ്‍സ് എന്ന സിനിമയിലും നായിക മമിതയാണ്. വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയിലും മമിത നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡിലും നായിക മമിതായിരുന്നു. ഡ്യൂഡ് ആഗോള ബോക്സ് ഓഫീസില്‍ 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.