
നിലവിലെ സ്ഥാനത്ത് തന്നെ തുടരണമെന്ന് ഫെഫ്‌ക ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടുവെന്ന് ബി. ഉണ്ണികൃഷ്‌ണൻ. ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ ജനറൽ കൗൺസിൽ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയ്ക്ക് ഇനി പഴയതുപോലെ തന്നെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നിയില്ലെന്നും, സംഘടനയിൽ ഒരുതരത്തിലുമുള്ള മാറ്റവും വേണ്ടെന്നാണ് ജനറൽ കൗൺസിൽ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘സംഘടന സുശക്തവും ഘടനാപരമായി ശക്തമായ നിലയിലുമാണ്. സംഘടനയ്ക്ക് ഇനി പഴയതുപോലെ എന്നെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. സ്ഥിരം നേതൃത്വത്തിൽനിന്ന് സംഘടന വളരേ മുന്നോട്ട് പോയിരിക്കുന്നു. ഇതാണ് അതിൻ്റെ സമയമെന്ന് എനിക്ക് തോന്നി. 18 വർഷത്തിൽ കൂടുതൽ ഒരാൾ നേതൃപദവിയിൽ ഇരിക്കരുത്. 18 വർഷം ഒക്കെ തന്നെ അക്രമമാണ്. ഇനി ഇരിക്കരുതെന്നൊരു തീരുമാനം എന്റെയുള്ളിൽ ഉണ്ട്.’ ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
‘എനിക്ക് കുറച്ച് സ്വകാര്യമായിട്ടുള്ള സമയം ആവശ്യമുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യാനും എഴുതാനും യാത്ര ചെയ്യാനും അധ്യാപനം നടത്താനും ആഗ്രഹമുള്ളിലുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം സിബി സാറിനോട് പറഞ്ഞത്. നമുക്ക് രണ്ടുപേർക്കും കൂടി അത് അവതരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വളരെ വിശദമായി ഫെഫ്കയുടെ ജനറൽ കൗൺസിൽ ചർച്ച ചെയ്‌തു. എല്ലാവരും അവരുടെ അവരുടെ അഭിപ്രായം പറഞ്ഞു. ഒരുതരത്തിലുള്ള മാറ്റവും അവർക്ക് ആഗ്രഹമില്ല എന്നാണ് അവർ കണ്ടത്. എന്നെ ബുദ്ധിമുട്ടിക്കാതെ ജോലിയിൽനിന്ന് കുറച്ചൊക്കെ മാറ്റി നിർത്തിക്കൊണ്ട് അവർ സംവിധാനവുമായിട്ട് മുമ്പോട്ടു പോകാം, ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ തുടരണമെന്നും പ്രസിഡൻ്റായി സിബി മലയിൽ തുടരണമെന്നുമാണ് സംഘടനയുടെ കൗൺസിൽ കണ്ടത്.’ ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു.