
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ സംഭവബഹുലമായ ജീവിതകഥ സിനിമയാകുന്നു. പന്തുകളിക്കാരൻ, പോലീസ് ഉദ്യോഗസ്ഥൻ, നടൻ എന്നീ നിലകളിൽ തിളങ്ങിയ വിജയന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് പ്രമുഖ സംവിധായകൻ ഒമർ ലുലുവാണ്. പദ്മശ്രീയും അർജുന അവാർഡും നൽകി രാജ്യം ആദരിച്ച ഈ ഫുട്ബോൾ വിസ്മയത്തിന്റെ ജീവിതം ‘ബയോപിക്’ രൂപത്തിൽ വിവിധ ഭാഷകളിലായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് ഏപ്രിൽ 26-ന് തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കും. കന്നഡയിലെ പ്രമുഖ നിർമ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നഡ ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
സിനിമയിൽ ഐ.എം. വിജയനായി വേഷമിടുന്നത് ആരാണെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലോഞ്ചിങ് ചടങ്ങിൽ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആരാധകരുള്ള വിജയന്റെ കഥ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനാണ് പദ്ധതിയെന്നും, അതിനാൽ തന്നെ ഒരു വൻ താരനിരയെ ചിത്രത്തിൽ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ ആശയത്തെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ എന്നും മികച്ച സിനിമയാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം. വിജയൻ പ്രതികരിച്ചു.
നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതം ‘ക്യാപ്റ്റൻ’ എന്ന പേരിൽ സിനിമയായിരുന്നു. ഇതിന് പുറമെ ഇന്ത്യൻ കോച്ച് സയ്യദ് അബ്ദുൾ റഹീമിന്റെ ജീവിതം ‘മൈതാൻ’ എന്ന പേരിൽ ഹിന്ദിയിലും പുറത്തിറങ്ങിയിട്ടുണ്ട്. വിജയന്റെ ജീവിതത്തെ ആസ്പദമാക്കി ‘കാലോ ഹരിൺ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി നേരത്തെ പുറത്തുവന്നിരുന്നു. മുൻപ് നിവിൻ പോളിയെ നായകനാക്കി വിജയന്റെ ബയോപിക് ആലോചിച്ചിരുന്നെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമർ ലുലുവിന്റെ കരിയറിലെ വ്യത്യസ്തമായ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്. നിലവിൽ കൊച്ചിയിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലുള്ള വിജയൻ, തന്റെ ജീവിതം സിനിമയാകുന്നതിന്റെ ആവേശത്തിലാണ്.