“ഇപ്പോഴും ഞങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രം എന്റെ നാട്ടിലുണ്ട്;” വിനോദ് സൂര്യവൻഷി

','

' ); } ?>

തന്റെ ഗ്രാമത്തിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ വിനോദ് സൂര്യവൻഷി. ഗ്രാമത്തിൽ നിന്ന് മാറിയാണ് ദളിതർ ജീവിക്കുന്നതെന്നും, ഇപ്പോഴും തങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രം തന്റെ നാട്ടിലുണ്ടെന്നും വിനോദ് പറഞ്ഞു. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഗ്രാമത്തിന് രണ്ട് ഭാഗങ്ങളുണ്ട് – ഒന്ന് മേൽജാതിക്കാർക്കും മറ്റൊന്ന് കീഴ് ജാതിക്കാർക്കും. ഗ്രാമത്തിൽ നിന്ന് മാറിയാണ് ദളിതർ ജീവിക്കുന്നത്. ഒരിക്കൽ അച്ഛനൊപ്പം ഞാൻ ഗ്രാമത്തിലേക്ക പോയി. എനിക്ക് അന്ന് 12 വയസാണ്. ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് പണം കൊടുത്തതിന് പുറമേ കഴിച്ച പ്ലേറ്റും ഞങ്ങൾക്ക് കഴുകി കൊടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രം എന്റെ നാട്ടിലുണ്ട്.” വിനോദ് പറഞ്ഞു.

“ടിവി ഓഡിഷനുകളിൽ പോകുമായിരുന്നു. അവർക്ക് ‘റിച്ച് ലുക്ക്’ ആണ് വേണ്ടിയിരുന്നത്. എനിക്ക് അതില്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരിക്കൽ ഒരു ജോലിക്കാരന്റെ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, സെറ്റിലെത്തിയപ്പോൾ ക്രിയേറ്റീവ് ഡയറക്ടർ ഞാൻ ആരാണെന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ, ‘ഞങ്ങൾക്ക് വെളുത്ത ഒരാളെ ആണ് വേണ്ടത്’ എന്നാണ് പറഞ്ഞത്.” വിനോദ് കൂട്ടിച്ചേർത്തു.

‘പഞ്ചായത്ത്’ എന്ന ജനപ്രിയ വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ് സൂര്യവൻഷി. സെക്യൂരിറ്റി ഗാർഡിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ വിനോദ് സൂര്യവൻഷിയുടെ യാത്ര നിറയെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കർണാടക സ്വദേശിയാണ് വിനോദ് സൂര്യവൻഷി.

അതേസമയം, ‘പഞ്ചായത്ത്’ അഞ്ചാം സീസൺ ചിത്രീകരണം ആരംഭിച്ചു. സീരീസിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ഫൈസൽ മാലിക്ക്, ചന്ദൻ റോയ്, സാൻവിക, ദുർഗേഷ് കുമാർ, സുനിത രാജ്‌വർ, പങ്കജ് ഝാ തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ.