
ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “കര” കാണുന്നതിന് മുമ്പ് മുന്നറിയിപ്പുകൾ നൽകി ചിത്രത്തിന്റെ സംവിധായകൻ വിഘ്‌നേശ് രാജ.കഥയോ ഇടവേള രംഗങ്ങളോ വെളിപ്പെടുത്തരുതെന്നും, വൈകി വരരുതെന്നും സംവിധായകൻ പറഞ്ഞു.
‘ദയവായി കഥയോ ഇടവേള രംഗങ്ങളോ വെളിപ്പെടുത്തരുത്, കഥ ആദ്യ സീനിൽ നിന്ന് തന്നെ ആരംഭിക്കുന്നു, വൈകി വരരുത്. ഇന്റർവെൽ കഴിഞ്ഞാലും ദയവായി ഉടൻ തന്നെ നിങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങുക’, എന്നീ മൂന്ന് കാര്യങ്ങൾ ആണ് സംവിധായകൻ പ്രേക്ഷകരോട് പറയുന്നത്.
പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ഏപ്രിൽ 30 ന് സിനിമ പുറത്തിറങ്ങും. ധനുഷ് നായകനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു.