
തൻ്റെ വിശ്വാസത്തെക്കുറിച്ച് പങ്കുവച്ച പോസ്റ്റിനെ വർഗീയമായി ചിത്രീകരിക്കാനും തന്നെ ‘തീവ്രവാദി’ എന്ന് വിളിക്കാൻ ശ്രമിച്ചവർക്കും മറുപടി നൽകി നടി സംസ്‌കൃതി ഷേണായ്. വിവാഹശേഷമാണ് താൻ വിഷു ആഘോഷിച്ചു തുടങ്ങിയതെന്നും തന്റെ സസ്യാഹാര ശീലങ്ങളെ ഭർത്താവിൻ്റെ വീട്ടുകാർ ബഹുമാനിക്കാറുണ്ടെന്നും സംസ്‌കൃതി പറഞ്ഞു. കൂടാതെ മുഖമോ പേരോ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് ആക്രമിക്കുന്നവർക്കാണ് ‘ഭീകരവാദി’ എന്ന പേര് കൂടുതൽ ചേരുന്നതെന്നും, ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്നും സംസ്‌കൃതി കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഞാനൊരു കൊങ്കണി പെൺകുട്ടിയാണ്. വിവാഹം കഴിഞ്ഞതുവരെ വിഷുവിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഒരു മലയാളി യുവാവിനെ വിവാഹം കഴിച്ചതോടെയാണ് ഞാൻ വിഷു ആഘോഷിച്ചു തുടങ്ങിയത്. എൻ്റെ ഭർത്താവിൻ്റെ കുടുംബം മാംസാഹാരം കഴിക്കുന്നവരാണെങ്കിലും, എൻ്റെ സസ്യാഹാര ശീലത്തെ അവർ എന്നും ബഹുമാനിച്ചിട്ടേയുള്ളു. വിശേഷ ദിവസങ്ങളിൽ വീട്ടിൽ മാംസാഹാരം പാകം ചെയ്യാറുമില്ല. എന്റെ ഉണ്ണിക്കണ്ണനെക്കുറിച്ച് എനിക്ക് കൃത്യമായ സങ്കൽപ്പങ്ങളുണ്ട്, അത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്ന് മാത്രം. ആരെയും വ്യക്തിഹത്യ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടില്ല. എൻ്റെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ചെയ്‌തത്.” സംസ്‌കൃതി പറഞ്ഞു.
“ആവിഷ്‌കാര സ്വാതന്ത്ര്യം എന്റെ മൗലികാവകാശമാണ്. എന്നാൽ, മുഖമോ പേരോ ഇല്ലാത്ത ഒരു പ്രൊഫൈൽ വന്ന് എന്നെ അധിക്ഷേപിക്കുകയും ‘വർഗീയവാദി’ എന്നും ‘ഭീകരവാദി’ എന്നും വിളിക്കുകയുമാണ് ചെയ്തത്. സോഷ്യൽ മീഡിയ നൽകുന്ന അജ്‌ഞാതത്വം മുതലെടുത്ത്, ഉണ്ണിക്കണ്ണനെ അതിയായി സ്നേഹിക്കുന്ന ഒരു വിശ്വാസിയുടെ നിഷ്‌കളങ്കമായ പോസിന് താഴെ വന്ന് അധിക്ഷേപം ചൊരിയുന്നവരാണ് യഥാർഥത്തിൽ ഭീരുക്കൾ. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുന്നവരെ മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് ‘ഭീകരവാദി’ എന്ന പേര് കൂടുതൽ ചേരുന്നത്. ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും എന്നെ തളർത്താൻ കഴിയില്ല. ഞാൻ ആവർത്തിക്കുന്നു. എൻ്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി!.” സംസ്കൃതി ഷേണായ് കൂട്ടിച്ചേർത്തു.
അതേസമയം സംസ്കൃതിയെ വിമർശിച്ചും ആളുകൾ എത്തിയിരുന്നു. “നിങ്ങളെപ്പോലെ സോഷ്യൽ മീഡിയയിൽ ഇത്രയധികം അറിയപ്പെടുന്ന ഒരാൾ ഒരു വർഗീയവാദിയെപ്പോലെ ഇങ്ങനെ ഓരോ സ്‌റ്റോറികൾ ഇടുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. ഒരാൾ തൻ്റെ അറിവില്ലായ്‌മ കൊണ്ട് വിഷുവായതുകൊണ്ട് ഒരു പോസ്‌റ്റ് ഇട്ടു. അതിന് അയാൾ മാപ്പും പറഞ്ഞു. പിന്നെയും നിങ്ങളെപ്പോലെയുള്ളവർ ഇങ്ങനെയുള്ള സ്‌റ്റോറികൾ ഇട്ടാൽ, ഒരു ജനാധിപത്യ ഇന്ത്യയിൽ ജീവിക്കുന്ന എനിക്ക് ഒരു ഹിന്ദു എന്ന നിലയ്ക്ക് നിങ്ങളെപ്പോലെയുള്ള വർഗീയ തീവ്രവാദികളോട് ഇതെങ്കിലും പറയണ്ടേ? മതത്തെ സ്നേഹിക്കുന്നതിന് മുൻപ് മനുഷ്യനെ സ്നേഹിക്കാൻ പഠിക്കൂ, പ്ലീസ്.” ഇതായിരുന്നു സംസ്‌കൃതി ആദ്യം പങ്കുവച്ച ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിക്ക് വന്ന കമന്റ്.
മാംഗ്ലൂർ സ്വദേശിയായ ഡോക്‌ടർ ഗോവിന്ദൻ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. 2018ലായിരുന്നു നടിയുടെ വിവാഹം. വിഷ്ണു എസ്. നായരാണ് ഭർത്താവ്.