
‘നാന്‍ കടവുള്‍’ സിനിമയുടെ ചിത്രീകരണ വേളയില്‍ വാരണാസിയിലെ സന്യാസിമാരില്‍ നിന്നും നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ആര്യ. പുതിയ ചിത്രമായ ‘മിസ്റ്റര്‍ എക്‌സി’ന്റെ പ്രചരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വാരണാസിയില്‍ താന്‍ കണ്ടുമുട്ടിയ സന്യാസിമാരില്‍ വലിയൊരു ശതമാനം ആളുകളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന കാര്യമാണ് ആര്യ വെളിപ്പെടുത്തിയത്.
നാന്‍ കടവുളിലെ സന്യാസിമാരില്‍ പലരും വ്യാജന്മാരായിരുന്നുവെന്ന് ആര്യ പറയുന്നു. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് നാട്ടില്‍ നിന്നും ഒളിച്ചോടി സന്യാസി വേഷത്തില്‍ കഴിയുന്നവരാണ് ഇവരില്‍ പലരും. അവിടെയുള്ളവരില്‍ 60 ശതമാനം പേര്‍ യഥാര്‍ത്ഥ സന്യാസിമാരാണെങ്കില്‍ ബാക്കി 40 ശതമാനവും ക്രിമിനലുകളാണെന്ന് താരം പറഞ്ഞു. തിരിച്ചറിയല്‍ രേഖകളോ കൃത്യമായ വിലാസമോ ഇല്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് അവിടെ സുരക്ഷിതമായി ഒളിച്ചുതാമസിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുംഭമേളയ്ക്കിടെ നടന്ന ചിത്രീകരണത്തിനിടെ പോലീസ് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ചും ആര്യ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. പോലീസുകാരുടെ കൈവശം സാധാരണ തോക്കുകളാണുള്ളതെങ്കില്‍ അവിടുത്തെ പല സന്യാസിമാരുടെ പക്കലും എകെ 47 തോക്കുകള്‍ വരെയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതര്‍ അന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ബാല സംവിധാനം ചെയ്ത് 2009-ല്‍ പുറത്തിറങ്ങിയ നാന്‍ കടവുള്‍ ആര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ജയമോഹന്‍ തിരക്കഥയെഴുതിയ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ബാലയ്ക്ക് ലഭിച്ചിരുന്നു. ആര്യയുടെ കരിയര്‍ മാറ്റിമറിച്ച പ്രകടനം കൂടിയായിരുന്നു ഈ ചിത്രത്തിലേത്. പൂജ, രാജേന്ദ്രന്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.