
സോഷ്യൽ മീഡിയ സെൻസേഷനുകളായ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിലെത്തിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുകയാണ്. ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹാഷിർ, വിനായകൻ, അലൻ, അജിൻ എന്നിവരടങ്ങുന്ന സംഘം യു.കെയിലേക്ക് പോയത് നേരത്തെ വലിയ വാർത്തയായിരുന്നു. എന്നാൽ ലണ്ടനിലെ ചിത്രീകരണത്തിൽ ഹാഷിറിന് പ്രത്യേകിച്ച് രംഗങ്ങളൊന്നുമില്ലെന്ന വിവരം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. സീനുകൾ ഇല്ലെങ്കിൽ ഹാഷിർ എന്തിനാണ് യു.കെയിലേക്ക് പോയതെന്നായിരുന്നു വിമർശകരുടെ ചോദ്യം.
ഇതിനിപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ. ലണ്ടനിലെ ഷൂട്ടിംഗ് സെറ്റിൽ ഒരു പ്രൊഫഷണൽ ലൈറ്റ് ബോയിയെപ്പോലെ യൂണിറ്റിനെ സഹായിക്കുന്ന ഹാഷിറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുധി വിമർശകരുടെ വായടപ്പിച്ചത്. ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ ഇത്തരം കൂട്ടായ്മകളാണെന്നും ഹാഷിറിനെ ഓർത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.
ആദ്യ ഭാഗത്തെക്കാൾ മികച്ചതാണ് രണ്ടാം ഭാഗമെന്നും ഇമോഷണൽ രംഗങ്ങൾ ഏറെ ഹൃദ്യമാണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹാഷിറിനും സംഘത്തിനുമൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിപിൻ ദാസിന്റെ തിരക്കഥയിൽ നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ അവസാനം നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ടാണ് രണ്ടാം ഭാഗം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുന്നത്.