പങ്കാളിയുടെ സംവിധായക അരങ്ങേറ്റം; ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമെന്ന് അനാർക്കലി മരക്കാർ

','

' ); } ?>

തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ നിമിഷം പങ്കുവെച്ച് നടി അനാർക്കലി മരക്കാർ. അനാർക്കലിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്ത ‘കാക്കി സർക്കസ്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതിൻ്റെ ആവേശത്തിലാണ് താരം. പങ്കാളിയുടെ കരിയറിലെ ഈ വലിയ ചുവടുവെപ്പിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് അനാർക്കലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതീവ വികാരനിർഭരമായ ഒരു ദിവസമാണിതെന്നും ചെറിയ പരിഭ്രമമുണ്ടെങ്കിലും തൻ്റെ പ്രിയപ്പെട്ടവൻ്റെ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും നടി പറഞ്ഞു. ചിത്രത്തിലെ ഒരു ഗാനം പാടിയതിനൊപ്പം, പ്രധാന വേഷം ചെയ്ത ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്തതും അനാർക്കലിയാണ്. “എൻ്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഈ സിനിമ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു,” അനാർക്കലി കുറിച്ചു.

നിലവിൽ ‘സീ5’ (ZEE5) പ്ലാറ്റ്‌ഫോമിലൂടെ ചിത്രം കാണാനാകും. തനിക്കൊരു പങ്കാളിയുണ്ടെന്നും തങ്ങൾ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലാണെന്നും അനാർക്കലി മുൻപ് വെളിപ്പെടുത്തിയിരുന്നു. സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അമീനാണ് തൻ്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കാറുള്ളതെന്നും താരം മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെയെല്ലാം സമ്മതത്തോടെയാണ് തങ്ങൾ ഒരുമിച്ച് താമസിക്കുന്നതെന്നും വിവാഹം പതുക്കെ മതിയെന്നുമാണ് ഇവരുടെ തീരുമാനം.

2016-ൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിൽ എത്തിയത്. തുടർന്ന് ‘വിമാനം’, ‘ഉയരെ’, ‘മന്ദാരം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഗഗനചാരി’ എന്ന ചിത്രത്തിലെ അന്യഗ്രഹ ജീവിയുടെ വേഷം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു.