“ആ അസുഖത്തിന് പിന്നാലെ കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് അന്ന് ഡോക്ടർ പറഞ്ഞു”; ശ്രീജ രവി

','

' ); } ?>

ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ ശ്രീജ രവി ഇപ്പോൾ അഭിനയരംഗത്തും ചുവടുറപ്പിക്കുകയാണ്. ശ്രീജ പ്രധാന വേഷത്തിലെത്തുന്ന ‘മോഹിനിയാട്ടം’ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ, തന്റെ വിവാഹത്തെക്കുറിച്ചും കരിയറിന്റെ തുടക്കത്തിൽ നേരിട്ട ആരോഗ്യപ്രതിസന്ധികളെക്കുറിച്ചും താരം പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്.

തന്റേതൊരു കോംപ്ലിക്കേറ്റഡ് വിവാഹമായിരുന്നുവെന്ന് ശ്രീജ വെളിപ്പെടുത്തുന്നു. 1989-ൽ തിരുത്തണി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഒരു ഒളിച്ചോട്ടത്തിന്റെ സ്വഭാവമുള്ള വിവാഹമായിരുന്നു അതെന്നും താരം ഓർത്തെടുത്തു. വിവാഹശേഷം ഒരു സാധാരണ കുടുംബിനിയായി കഴിയാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും ജോലിക്ക് പോകുന്നത് സങ്കൽപ്പത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നും ശ്രീജ പറയുന്നു. “ഭർത്താവ് ജോലി കഴിഞ്ഞു വരുമ്പോൾ ചായ നൽകി സ്വീകരിക്കുന്ന ഒരു പൈങ്കിളി സ്വപ്നമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്,” ശ്രീജ പങ്കുവെച്ചു.

വിവാഹത്തിന് മുൻപ് നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നത്തെക്കുറിച്ചും ശ്രീജ മനസ്സ് തുറന്നു. ഒരിക്കൽ സ്‌ട്രോക്കിന് സമാനമായ അവസ്ഥയുണ്ടാവുകയും ശരീരത്തിന്റെ ഇടത് ഭാഗം തളർന്നുപോവുകയും ചെയ്തു. അന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞത് ‘മിട്രൽ പ്രൊളാപ്‌സ്’ എന്ന അവസ്ഥയാണെന്നും ഇനി വിവാഹം കഴിക്കാനോ പ്രസവിക്കാനോ സാധിക്കില്ലെന്നുമാണ്. ഇത്തരം ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കണമെന്നും ഡോക്ടർ വിധിയെഴുതി. എന്നാൽ പിന്നീട് ഫാമിലി ഡോക്ടറെ കണ്ടപ്പോഴാണ് അതൊരു സാധാരണ അവസ്ഥ മാത്രമാണെന്ന് തിരിച്ചറിഞ്ഞത്. അമിതമായ മാനസിക സമ്മർദ്ദം മൂലം സംഭവിക്കുന്ന ഒന്നാണതെന്നും പേടിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ പിന്നീട് മരുന്നുകൾ പോലും ഇല്ലാതെ താൻ പൂർണ്ണ ആരോഗ്യവതിയാവുകയും വിവാഹിതയാവുകയും ചെയ്തെന്ന് ശ്രീജ രവി പറഞ്ഞു.

കാവ്യ മാധവൻ, നയൻതാര, റോമ, ശാലിനി തുടങ്ങി നിരവധി താരങ്ങൾക്ക് ശ്രീജ രവി ഡബ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹിനിയാട്ടം എന്ന സിനിമയാണ് ശ്രീജയുടെതായി തിയേറ്ററിൽ എത്തുന്നത്.