
താൻ വിശപ്പുള്ളപ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കാറുള്ളുവെന്നും, ഇല്ലെങ്കിൽ കഴിക്കാതിരിക്കുമെന്നും നടൻ ടൊവിനോ തോമസ്. വെറുതേ ബെഡിൽ കിടക്കുന്ന ദിവസം എന്തിനാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതെന്നും, 72 മണിക്കൂറൊക്കെ താൻ ഉപവാസം ഇരുന്നിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു. സുജിത് ഭക്തന്റെ ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
“72 മണിക്കൂറൊക്കെ ഞാൻ ഉപവാസം ഇരുന്നിട്ടുണ്ട്. വെള്ളം മാത്രമേ കുടിക്കൂ. അതിരടിയുടെ ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസത്തിലായിരുന്നു.ആ സമയത്ത് ഞാൻ മൂന്ന് ദിവസം ഷൂട്ടിന് പോയി. അതിൽ രണ്ട് ദിവസം വർക്കൗട്ടും ചെയ്തിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഭക്ഷണമുണ്ടെങ്കിൽ എന്തായിരിക്കും ഭക്ഷണം എന്നറിയാനുള്ള ഒരു കൊതി നമ്മളിൽ ഉണ്ടാകും. ആ ആർത്തി കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്. ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും മിതമായ അളവിൽ കഴിക്കുക. അമിതമായിട്ടുള്ള ഭക്ഷണം ഒഴിവാക്കുക. വിശക്കുമ്പോൾ കഴിക്കുക എന്നതാണല്ലോ. നമ്മൾ വിശക്കുമ്പോൾ അല്ലല്ലോ ഭക്ഷണം കഴിക്കുന്നത്.
രാവിലെ ഇത്ര മണിക്ക് കഴിക്കണം, ഉച്ചക്ക് ഇത്ര മണിക്ക് കഴിക്കണം, വൈകിട്ട് ഇത്ര മണിക്ക് കഴിക്കണം… പിന്നെ എന്തിനാണ് ഈ വിശപ്പ് എന്നുള്ള വികാരം. ഞാൻ വിശപ്പുള്ളപ്പോഴേ കഴിക്കൂ. വിശപ്പില്ലെങ്കിൽ കഴിക്കാതിരിക്കും. നടൻ രഘുവരൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിരടി ഷൂട്ടിന്റെ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എനിക്കൊരു ക്ഷീണമോ ഒന്നും തോന്നിയില്ല. അതിലൊരു ദിവസം ഫൈറ്റും ആയിരുന്നു.” ടൊവിനോ പറഞ്ഞു.
ഭയങ്കരമായി നമുക്ക് ആക്ടിവിറ്റികൾ ഉള്ള ദിവസം വിശപ്പ് കൂടുതലായിരിക്കും. വെറുതേ ബെഡിൽ കിടക്കുന്ന ദിവസം എന്തിനാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്. പള്ളിച്ചട്ടമ്പിയിൽ ഡിജോയ്ക്ക് ഞാനൊരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു. ആൾക്കാരെയൊക്കെ എടുത്ത് എറിയാൻ പറ്റുന്ന ഒരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു. നമ്മുടെ ഷോൾഡർ ഒക്കെ വിരിഞ്ഞ് ഇരുന്നാൽ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആളുകൾക്ക് അത് റിലേറ്റബിൾ അല്ലാതായി പോകും. അപ്പോൾ ഞാൻ ഷോൾഡർ വർക്കൗട്ടുകളൊക്കെ കുറച്ചു. ഇതിനകത്ത് ഡിജോ എന്നോട് പറഞ്ഞത്, കഴിക്ക് കഴിക്ക് കവിളൊക്കെ തുടുക്കട്ടെ എന്നാണ്. എനിക്കത് ഇഷ്ടമുള്ള കാര്യവുമാണ്. ആരോഗ്യമുള്ള ഒരു തടി വയ്ക്കൽ ആണ് ഡിജോ ഉദ്ദേശിച്ചത്. അപ്പോൾ ഞാൻ നല്ലതുപോലെ ഭക്ഷണവും കഴിച്ചു, നല്ലപോലെ വർക്കൗട്ടും ചെയ്തു.